അട്ടപ്പാടി മധു കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി ശ്രമിച്ച സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍

അട്ടപ്പാടി മധു കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി ശ്രമിച്ച സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍
കേസിലെ 29ാം സാക്ഷി സുനില്‍കുമാറിനെതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി പരിഗണിക്കുക. കൂടാതെ കേസില്‍ ഇന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ഉള്‍പ്പെടെ മൂന്ന് പേരുടെ സാക്ഷി വിസ്താരവും നടക്കും.കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ സുനില്‍ കൂറ് മാറിയിരുന്നു.
കോടതി പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് കോടതി ഇയാളുടെ കണ്ണ് പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. പരിശോധനയില്‍ കാഴ്ച ശക്തിയുണ്ടെന്ന് വ്യക്തമായതോടെയാണ് കോടതിയില്‍ നുണ പറഞ്ഞ സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൂറ് മാറിയതിനെ പിന്നാലെ വനംവകുപ്പിലെ താത്കാലിക വനംവാച്ചറായിരുന്ന സുനില്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
മധുവിന്റെ അമ്മ മല്ലിയുടെ സാക്ഷി വിസ്താരവും ഇന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാവേണ്ടതിനാല്‍ മറ്റൊരു ദിവസമാവും വിസ്തരിക്കുക. അതേസമയം കഴിഞ്ഞ ദിവസവും കേസില്‍ സാക്ഷികള്‍ കൂറ് മാറിയിരുന്നു. നാല് പേരാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ഇരുപതായി.
https://www.facebook.com/Malayalivartha


























