കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസ്... നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചത്

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മകള്‍ രേഷ്മയുടെ മുന്നില്‍ വെച്ച് പ്രേമനനെ മര്‍ദിച്ചത്.
പ്രശ്‌നത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ പ്രേമന്‍ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രേമന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു.
കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി.
വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു.
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം വാര്‍ത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാന്‍ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററുടെ വിശദീകരണം. പുറത്തു വന്ന മൊബൈല്‍ ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാള്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേള്‍ക്കാം.
പ്രേമന്റെ കോളറില്‍ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രേമന്റെ പരാതിയില്‍ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.പുറത്തു വന്ന ദൃശ്യങ്ങളില്‍ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തില്‍ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
https://www.facebook.com/Malayalivartha






















