വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു... രണ്ട് ദിവസത്തിനുള്ളില്‍ പണം അടക്കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വീട്ടിലെത്തി നോട്ടിസ് പതിക്കുകയായിരുന്നു; മികച്ച ഭാവിയുള്ള മിടുക്കി പെണ്‍കുട്ടിയാണ് വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ആത്മഹത്യ ചെയ്തത്

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് അഭിരാമി. വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചെന്നാണ് വിവരം.
ലോണെടുത്തിട്ട് 4 വര്‍ഷം ആയതേ ഉള്ളൂവെന്നും കോവിഡ് വരുന്നതിന് മുന്‍പുവരെയും കൃത്യമായി ലോണ്‍ അടച്ചിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒന്നര ലക്ഷം രൂപ ഇവര്‍ ബാങ്കില്‍ അടച്ചിരുന്നു.
പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച മിടുക്കിയായ കുട്ടിയാണ് ജീവനൊടുക്കിയതെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. മികച്ച ഭാവിയുള്ള പെണ്‍കുട്ടിയാണ് വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രദേശത്ത് ബാങ്ക് അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂത്തുപറമ്പില്‍ കേരളാ ബാങ്ക് നടത്തിയ ജപ്തി നടപടിയും വിവാദത്തില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha






















