ദിവസങ്ങൾ ആയിട്ടും വിവരമില്ല; പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയും പോലീസുകാരനുമായ ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി

പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയും പോലീസുകാരനുമായ ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തന്നെ ഷിഹാബ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾ ആയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതേതുടർന്ന് ബന്ധുവീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. സംഭവ ശേഷം ഷിഹാബ് ജില്ല വിട്ടോയെന്നും സംശയിക്കുകയാണ്. മോഷണം പുറത്തു വന്നതിന് പിന്നാലെ ഇന്നലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ മാസം 30 നായിരുന്നു ഇയാൾ മാമ്പഴം മോഷ്ടിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പഴക്കടയ്‌ക്ക് പുറത്ത് നിരത്തിവെച്ചിരുന്ന മാമ്പഴങ്ങൾ ആരും കാണാതെ വണ്ടിയിൽ ഇട്ട് കടന്ന് കളയുകയാണ് ചെയ്തത്. എന്നാൽ ഈ ദൃശ്യങ്ങൾ സമീപത്തെ സിസി ക്യാമറയിൽ പതിയുകയുണ്ടായി. ഇത് പുറത്തുവന്നതോടെയാണ് ഷിഹാബ് പിടിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























