'വിശുദ്ധ ഗർഭങ്ങളുടെ പ്രവാചകരേ, നിങ്ങളവർക്ക് മാപ്പ് കൊടുത്താലും. അവിശുദ്ധരുടെ ആനന്ദങ്ങളിൽ അഭിരമിക്കാൻ അവരെ അനുവദിച്ചാലും. "ഞങ്ങളുടെ ഇരട്ടക്കുട്ടികൾ, ഞങ്ങളുടെ ഉയിർ - ഉലകം." അത്രയേ ഉള്ളൂ. അത്രയും സംഗീതം പോലെ കേൾക്കാൻ കഴിയുന്നവർ കേട്ടാൽ മതി...' വൈറലായി കുറിപ്പ്

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം ജൂണിലായിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹവും ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ട്വിറ്ററിലൂടെ ഇരുവരും ഞങ്ങൾക്ക് മക്കൾ പിറന്നു എന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. പലരും ഇതിനോടകം തന്നെ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അതിനിടയിൽ കുഞ്ഞുങ്ങൾ ആയോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം മറുപടി പറയുകയാണ് ലിജീഷ് കുമാർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്തിനാണ് നിങ്ങൾ
സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ?
...............................................................................
ഈ രണ്ട് നിൽപ്പുകൾ തമ്മിൽ ഒരു വ്യത്യാസമുണ്ട്. ചെറുത്തുനിൽപ്പുകളുടെ അവസാനമുള്ള നിവർന്ന് നിൽപ്പാണ് ആദ്യത്തേത്. രണ്ടാമത്തേത് ഉലകം തന്നെ സ്നേഹിക്കുന്നു എന്ന് ഏറെക്കുറേ നിഷ്കളങ്കമായി ഇപ്പോഴും ചിന്തിച്ചുപോരുന്ന തമിഴന്റെ വണക്കമാണ്. നയൻതാരയെ ഇതിനൊന്നും കിട്ടില്ല കേട്ടോ, "നയനും ഞാനും അമ്മയും അപ്പയുമായി. ഞങ്ങളുടെ ഇരട്ടക്കുട്ടികൾക്ക്, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹം വേണം.
ജീവിതം കുറേക്കൂടെ തിളക്കമുളളതും ഭംഗിയുള്ളതുമായി തോന്നുന്നു." വിഘ്നേഷ് ശിവൻ എഴുതിയതാണ്. അയാളിപ്പോഴും പച്ചത്തമിഴനാണ്. നാമയാളെ സ്നേഹിക്കുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങൾ നമ്മുടെ കാത്തിരിപ്പിലുണ്ടായിരുന്നുവെന്നും, നമ്മളവരെ ആശീർവാദം കൊണ്ട് മൂടുമെന്നും കരുതുന്ന പാവം മനുഷ്യൻ. അതൊന്നുമുണ്ടാവില്ലെന്ന് ജീവിതം നയൻതാരയെ പഠിപ്പിച്ചിട്ടുണ്ട്. "രണ്ടാൺകുട്ടികൾ ! പ്രൗഡ് അമ്മ & അപ്പ." എന്നെഴുതി നയനവസാനിപ്പിക്കുന്നത്, നിന്റെയൊന്നും ആശീർവാദം കൊണ്ടല്ല ഞാനുണ്ടായത് എന്ന ബോധ്യത്തിൽത്തന്നെയാണ്. അവർ ഇന്ത്യൻ സിനിമയുടെ നയൻതാരയാണ്, നിങ്ങളുടെ പാവക്കുട്ടിയല്ല.
മഹാബലിപുരത്ത് നടന്ന നയന്‍താരയുടേയും വിഘ്നേഷിന്‍റെയും വിവാഹ ദൃശ്യങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയ ഒരു ടീസര്‍ നെറ്റ്‍ഫ്ലിക്സ് പുറത്ത് വിട്ടിരുന്നു. അതിന്റെ തലക്കെട്ട്, 'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' എന്നായിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ആ ഡോക്യുമെന്‍ററി ഇന്ത്യൻ വിവാഹക്കാഴ്ചകളുടെ ചരിത്രത്തിൽ തന്നെ ഒരു പുതിയ അധ്യായം രചിച്ച് പുറത്ത് വരാൻ പോവുകയാണ്. നെറ്റ്‍ഫ്ലിക്സ് എന്ന ആഗോള ആഘോഷ ഭീമൻ നയൻതാരയുടെ വിവാഹത്തിന് ചെലവഴിച്ചത് 25 കോടിയാണ്. നയൻതാര നമ്മളുടെ പാവക്കുട്ടിയല്ല സർ, അവർ ഇന്ത്യൻ സിനിമയുടെ നയൻതാരയാണ്.
നയൻ താരയോ വിഘ്നേഷ് ശിവനോ തങ്ങളുടെ കുറിപ്പിലൊരിടത്തും ഉപയോഗിക്കാത്ത ഒരു പ്രയോഗം ഇന്നലെ മുതൽ എല്ലായിടത്തും ഒഴുകി നടക്കുന്നുണ്ട്, 'സറോഗസി.' എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? അവരുടെ പക്ഷം ചേർന്ന് നിൽക്കുകയാണെന്ന തോന്നലിൽ നിങ്ങളെഴുതുന്ന കുറിപ്പുകളിലുമുണ്ട് ഒളിഞ്ഞ് നിന്ന് ചിരിക്കുന്ന ഒരു ഷെമ്മി. നാല് മാസങ്ങൾക്ക് ന്യായീകരണം ചമയുന്നൊരാൾ. പുരോഗമനത്തിന്റെ ക്ലാസെടുക്കുമ്പോഴും പാരമ്പര്യത്തെ കൂട്ടുപിടിക്കേണ്ടി വരുന്ന ഒരാൾ. വിശുദ്ധ ഗർഭങ്ങളുടെ പ്രവാചകരേ, നിങ്ങളവർക്ക് മാപ്പ് കൊടുത്താലും. അവിശുദ്ധരുടെ ആനന്ദങ്ങളിൽ അഭിരമിക്കാൻ അവരെ അനുവദിച്ചാലും. "ഞങ്ങളുടെ ഇരട്ടക്കുട്ടികൾ, ഞങ്ങളുടെ ഉയിർ - ഉലകം." അത്രയേ ഉള്ളൂ. അത്രയും സംഗീതം പോലെ കേൾക്കാൻ കഴിയുന്നവർ കേട്ടാൽ മതി.
Lijeesh Kumar
https://www.facebook.com/Malayalivartha






















