ഓപ്പറേഷൻ ഫോക്കസ് ത്രീ; ഒറ്റദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ, ഫിറ്റ്നസാണ് റദ്ദാക്കിയത് 54 ബസുകളുടേത്... 10.05 ലക്ഷം രൂപ പിഴ ചുമത്തി! 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത പുതിയ നീക്കം

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഒറ്റദിവസം തന്നെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 752 കേസുകളാണ്. 54 ബസുകളുടെ ഫിറ്റ്നസാണ് ഇതിനോടകം തന്നെ റദ്ദാക്കിയിരിക്കുന്നത്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 10.05 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നാലു ദിവസമായി നടന്ന പരിശോധനയിൽ 3000 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 3215 ബസുകൾ പരിശോധിച്ചു. 52.9 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതേസമയം, നിയമം ലംഘിക്കുന്ന വാഹനങ്ങൾ ഇന്ന് മുതൽ നിരത്തിൽ കാണാൻ പാടില്ലെന്ന് വ്യ്കതമാക്കി ഹൈക്കോടതി. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യണമെന്നും കോടതി നിർദേശിക്കുകയുണ്ടായി. വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വടക്കഞ്ചേരി അപകടമുണ്ടാക്കിയ ബസ് മുഴുവൻ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും കോടതി ചോദിക്കുകയാണ് ചെയ്തത്. ഒറ്റ നോട്ടത്തിൽതന്നെ ഒന്നിലധികം നിയമലംഘനങ്ങൾ ബസിൽ കാണാൻ കഴിയും. ഇത് ഇനിയും അംഗീകരിക്കാൻ കഴിയില്ല.
അങ്ങനെ ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് മുൻപേ ചട്ടമുള്ളതാണ്. ഇത് ലംഘിച്ചാണ് മുന്നോട്ടുപോകുന്നത് തന്നെ. ഇത്തരം നിയമലംഘനങ്ങൾ പൊതുനിരത്തിൽ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുമുണ്ട്. ഇത്രയധികം ലൈറ്റുകൾ സ്ഥാപിക്കുന്നത് ഡ്രൈവറുടെ കാഴ്ചയെ ബാധിക്കാനിടയുമുണ്ട്. ലൈറ്റുകളുടെ ഗ്ളെയർ വാഹനം ഓടിക്കുന്നയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.വാഹനങ്ങൾക്ക് കൃത്യമായ കളർ കോഡുണ്ട്. കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ബസുകൾ കളർ കോഡുകൾ പാലിക്കണമെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിക്കുകയുണ്ടായി.
ആയതിനാൽ തന്നെ ഇത്തരത്തിൽ നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം. മോട്ടോർ വാഹനവകുപ്പും പൊലീസും രാത്രികാല പരിശോധന ശക്തമാക്കണം. പൊലീസ് വേണ്ടിവന്നാൽ എം വി ഡിയ്ക്ക് സഹായം നൽകണം. ടൂറിസ്റ്റ് ബസുകൾക്ക് ഒരേനിറം കർശനമാക്കണം. രൂപമാറ്റം വരുത്തിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. തുടർനടപടികൾ കീഴ്‌ക്കോടതികൾക്ക് തീരുമാനിക്കാം എന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















