കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പീഡന പരാതി... അകത്തിടാൻ നീക്കം...

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിൻ മേൽ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഖാസി യുവതിയെ പീഡനത്തിന് വിധേയ ആക്കിയതായാണ് പരാതിയിൽ പരാമർശിക്കുന്നത്.
പരാതിക്കാരിയുടെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് പീഡാനാരോപണത്തിന് പിന്നിൽ എന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. യുവതിയുടെയും ഭർത്താവിന്റെയും കുടുംബ തർക്കം പരിഹരിക്കാൻ ഖാസി ഇടപ്പെട്ടിരുന്നു. ദമ്പതികളുടെ പ്രശ്നത്തിൽ ഖാസി ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനെ തുടർന്ന് ഖാസിയുമായി യുവതി തർക്കത്തിൽ ഏർപ്പെട്ടെന്നും പീഡന പരാതിയുമായി രംഗത്തെത്തുകയായിരുന്നു എന്നുമാണ് ഖാസിയുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ജാമ്യമില്ലാത്ത ഐപിസി 376, 506 വകുപ്പുകളാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്‌തെന്നും ഖാസിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കോഴിക്കോട് ഖാസി ഓഫീസിന്റെ വിശദീകരണം
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന് കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്തു.
പിന്നീട് ആദ്യ ഭർത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയം കരുവൻതിരുത്തിയിൽ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു.
പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ്യവസ്ഥയാക്കുകയും ചെയ്തു. തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.
ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താമസിച്ചു കൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നത്. ഇത് സമ്മർദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























