സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അഭിനയിപ്പിച്ചത് അശ്ലീല ചിത്രത്തില്‍... പരാതിപ്പെട്ടത് യുവാവ്

യുവാവിന്റെ പരാതിയിൽ ഞെട്ടി സിനിമാലോകം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും സംവിധായികയ്ക്കും എതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനാണ് ഒ.ടി,ടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിഴിഞ്ഞം പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. യുവാവിന്റെ വിശദമായ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് അഭിനയിപ്പിച്ച ചിത്രം ദീപാവലി ദിവസം റിലീസാകുമെന്നും ഇത് പുറത്തിറങ്ങിയാല്‍ നാട്ടിലോ വീട്ടിലോ ജീവിക്കാനാവില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ പറയുന്നു. വനിതാ സംവിധായിക ഒരുക്കുന്ന ചിത്രം മലയാളമടക്കം അഞ്ച് ഭാഷകളിലാണ് റിലീസാകുക. ചിത്രത്തിന്റെ അറിയിപ്പ് ടെലഗ്രാമിലടക്കം വന്നതോടെ വീട്ടുകാര്‍ പുറത്താക്കി. ഇപ്പോള്‍ സുഹൃത്തിന്റെ കൊച്ചിയിലുളള ഒറ്റമുറി ഫ്ളാറ്റിലാണ് താമസമെന്നും യുവാവ് വ്യക്തമാക്കി. ഒടിടി സീരീസില്‍ നായകനാക്കാം എന്നറിഞ്ഞാണ് യുവാവ് ഈ ഒടിടി പ്ളാറ്റ്‌ഫോമില്‍ അപേക്ഷ നല്‍കിയത്.
അരുവിക്കരയിലെ ഒരു റിസോര്‍ട്ടിലായിരുന്നു ഷൂട്ട്. ആദ്യം തന്നെ എഗ്രിമെന്റ് ഒപ്പിട്ടിരുന്നു. അല്‍പം കഴിഞ്ഞാണ് ഇത് അഡള്‍ട്‌സ് ഒണ്‍ലി പ്ളാറ്റ്‌ഫോമാണെന്നും അശ്ളീലചിത്ര നായകനാണ് താനെന്നും യുവാവറിഞ്ഞത്. ഇതറിഞ്ഞ് മടങ്ങിപ്പോകാന്‍ ശ്രമിച്ച യുവാവിനോട് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം അവര്‍ ചോദിച്ചു. തുടര്‍ന്ന് നിറകണ്ണോടെ തനിക്ക് ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്ന് യുവാവ് പറഞ്ഞു. സമാനപരാതിയുമായി മലപ്പുറം സ്വദേശിയായ യുവതിയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















