ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം...ശസത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല; സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി. ശസത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.
ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
രണ്ടു ദിവസം മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞിരുന്നു. IMCH സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്കാകും നടപടിയുണ്ടാകുകയെന്ന് പി സതീദേവി പറഞ്ഞിരുന്നു. ഇരയ്ക്ക് കുറ്റക്കാരായ ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പി സതീദേവി വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനയാണ് അഞ്ചുവര്‍ഷം വയറ്റിനുള്ളില്‍ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.
എന്നാല്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
30കാരിയായ ഹര്‍ഷിനയുടെ സ്‌കാനിങ്ങില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചു തന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തിരുന്നു. 12 സെന്റി മീറ്റര്‍ നീളവും 6 സെന്റി മീറ്റര്‍ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. 2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്തക്രിയ നടത്തിയത്.
https://www.facebook.com/Malayalivartha
























