വിധിപ്പകര്‍പ്പ് കണ്ടതോടെ നേതാക്കള്‍ക്ക് മനം മാറ്റം… കോടതി വിധിയില്‍ ഒരിടത്തും തനിക്കെതിരെ പരാമര്‍ശമില്ലാത്തതിനാല്‍ രാജി വേണ്ടെന്നുറച്ച് മാണിയും

മന്ത്രി കെഎം മാണി രാജി വയ്ക്കണം എന്ന് പറയാതെ പറയുന്നുവെന്നും വിജിലന്‍സ് ആവശ്യങ്ങള്‍ പാടെ നിരാകരിച്ചുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്ന തുടര്‍ച്ചയായ ചാനല്‍ റിപ്പോര്‍ട്ടുകളെ വിശ്വസിച്ച് രാജി ആവശ്യവുമായി മുന്നിട്ടിറങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് മനം മാറ്റം. കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും വരെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യ മന്ത്രിയും രാജി വയ്ക്കട്ടെ എന്ന നിലപാട് എടുക്കകുകയും ചെയ്തതോടെ ഇന്ന് രാജി വയ്ക്കാന്‍ മാണി തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്. ഇതോടെ ഇനി രാജിയില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വെളിയില്‍ കൊണ്ട് വരുമെന്നും മാണി ഉറച്ച നിലപാട് എടുത്തതോടെ യുഡുഎഫ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജിയല്ലാതെ മറ്റുവഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടിസുധീരന്‍ കൂടിയാലോചനയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍നിന്നും മറ്റുകക്ഷികളില്‍ നിന്നും രാജിയാവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അനിവാര്യമാണെന്ന് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. മാണി സ്വയം രാജിവയ്ക്കണമെന്നതാണു പൊതുനിലപാട്. അതിന് അദ്ദേഹം സന്നദ്ധനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. ഇന്ന് യു.ഡി.എഫ്. യോഗത്തിനു മുമ്പായി രാജിയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗത്തില്‍ മാണിയുടെ രാജി ആവശ്യപ്പെടാനും ഇരുവരും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ അഭിപ്രായമുയര്‍ന്നു. ഇന്നത്തെ യോഗത്തിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം സുധീരന്‍ പറഞ്ഞു. ഹൈക്കോടതിവിധിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ ഏകപക്ഷീയ തീരുമാനം ശരിയല്ല. ഇന്നു മറ്റു കക്ഷികള്‍ക്കൊപ്പം മാണിയുമായും യു.ഡി.എഫ്. നേതൃത്വം ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു വ്യക്തവും കൃത്യവുമായ നിലപാടുണ്ട്. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായപ്രകടനങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി ഇന്നു രാവിലെ 11നു തിരുവനന്തപുരത്തു ചേരും. രാജിക്കത്ത് കൈമാറിയശേഷമാകും മാണി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തുക എന്നാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഹൈക്കോടതി വിധി ചര്‍ച്ചചെയ്യാന്‍ രാവിലെ യു.ഡി.എഫ്. യോഗം ചേരുന്നതിനു മുമ്പ് മാണി രാജിവയ്ക്കുന്നതാണു നല്ലതെന്ന പൊതുഅഭിപ്രായമാണു മുന്നണി നേതാക്കള്‍ക്കുള്ളത്. രാജിയല്ലാതെ പോംവഴിയില്ലെന്നാണു കോണ്‍ഗ്രസിന്റെയും നിലപാട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടും മറിച്ചല്ല. അതേസമയം, ഇതേ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ. ബാബുവിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം കേരളാ കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് വിധി പകര്‍പ്പ് മാണിക്ക് കിട്ടിയത്. ഇതോടെ നേരത്തെ തന്നെ ഗൂഡാലോചാനാ തിയറി ഉന്നയിച്ച മാണി ചിലത് ഉറപ്പിച്ചു. വിധി പകര്‍പ്പില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ രാജിയുമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മാത്രമാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് യുഡിഎഫ് ഘടകകക്ഷികള്‍ രാജി ആവശ്യപ്പെടുന്നത്. അവരുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഇത്. അതിനപ്പുറം ഒന്നിമില്ല. പാല ബിഷപ്പുമായുള്ള ചര്‍ച്ചയിലും മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടണ്ട്. മാദ്ധ്യമങ്ങളെ ആരോ മനപ്പൂര്‍വ്വം തെറ്റിധരിപ്പിച്ചതാണ്. അതിന് വഴങ്ങേണ്ട ആവശ്യമില്ല. വിധി പകര്‍പ്പ് വളരെ കൃത്യവും വ്യക്തവുമാണ്. അതുകൊണ്ട് തന്നെ രാജി വയ്ക്കില്ലെന്നാണ് മാണി പറയുന്നത്. ഒരിക്കല്‍ എടുത്ത നിലപാട് മാറ്റാന്‍ കഴിയാത്തതിനാല്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നു. അതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ യൂഡിഎഫിനേയും കേരളാ കോണ്‍ഗ്രസ് അറിയിക്കും.
എന്നാല്‍ വിധി പകര്‍പ്പ് കിട്ടിയതോടെ മാണി നിലപാട് മാറ്റി. ഇന്നലെ രാത്രിയില്‍ കേരള കോണ്‍ഗ്രസ്സിലെ എല്ലാ എംഎല്‍എമാരും മാണിയുടെ വസതിയില്‍ എത്തി പിന്തുണ അറിയിച്ചു. രാജി വയ്‌ക്കേണ്ട എന്ന സന്ദേശമാണ് ജോസഫ് അടക്കമുള്ളവര്‍ നല്‍കിയത്. ഇതോടെ ഇന്ന് നടത്താനിരുന്ന യുഡുഎഫ് ഉന്നതാധികാര സമിതി മാറ്റി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാജി ആവശ്യം മാണിയെ ബോധ്യപ്പെടുത്താതെ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മന്ത്രിസഭ വീഴും എന്നതാണ് പ്രശ്‌നം. ഇന്ന് രാവിലെ മാദ്ധ്യമങ്ങളെ കൊണ്ട് ചില സത്യങ്ങള്‍ തുറന്ന് പറയുമെന്ന് കെഎം മാണി ഇന്നലെ അര്‍ദ്ധ രാത്രിയില്‍ മറുനാടന്‍ മലയാളിയോട് സൂചിപ്പിച്ചു. ഇന്നത്തെ പത്ര സമ്മേളനം രാജിക്കായി ആണ് എന്നാണ് മിക്കവാറും കണക്ക് കൂട്ടുന്നതെങ്കിലും രാജിയെക്കുറിച്ച് യാതൊരു സൂചനയും മാണി നല്‍കിയില്ല. മാണിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് രാജി വയ്ക്കാതെ യുഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കുകയാണ് മാണിയുടെ ലക്ഷ്യം. എങ്ങനെ ഗൂഢാലോചന നടത്തിയെന്ന് പുറത്തു പറയും. ബാര്‍ കോഴ ആരോപണം ഉന്നിക്കപ്പെട്ട സാഹചര്യത്തിലും മാണി ഇത് തീരുമാനിച്ചിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ പോലും മരവിപ്പിച്ചു. ഇതെല്ലാം പ്രതിസന്ധി കൂട്ടരുതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം മാറ്റി വച്ചു.
അതിന് ശേഷവും ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്നലത്തെ കോടതി നടപടികള്‍. മാണി ക്യാമ്പ് സംഭവങ്ങളെ കാണുന്നത് ഇങ്ങനെയാണ്. ബാര്‍ കോഴക്കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍ രണ്ട് മണിക്കൂറിലധികം നീണ്ട വാദത്തിനു ശേഷം തുറന്ന കോടതിയില്‍ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍ ആണുണ്ടായത്. പുറമെ നിന്ന് നിയമോപദേശം തേടിയതില്‍ വിജിലന്‍സ് ഡയറക്ടറെ കുറ്റപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ശേഷം കേസിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കോടതി പറഞ്ഞു തുടങ്ങിയപ്പോള്‍ അഡ്വക്കേറ്റ് ജനറലും കപില്‍ സിബലും മറ്റും എണീറ്റ് നിന്ന് എതിര്‍പ്പുന്നയിച്ചു. കോടതി നിര്‍ദേശിച്ചതു പ്രകാരം വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെക്കുറിച്ചു മാത്രമേ താന്‍ വാദിച്ചിട്ടുള്ളൂ എന്ന് കപില്‍ സിബല്‍ പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചു പറയുകയാണങ്കില്‍ അക്കാര്യത്തിലും വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ കേസില്‍ വിധി പറയുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല. ഇതോടെ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കേസിലെ വിധിപകര്‍പ്പിലും ഇതെല്ലാം വ്യക്തമാണ്. വിജിലന്‍സിന്റെ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. പുനരന്വേഷണം മാത്രമാണ് തുടരാന്‍ നിര്‍ദ്ദേശിച്ചത്. ഇത് മാണി അംഗീകരിച്ചതുമാണ്.
പ്രതി മന്ത്രിയായാല്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെപ്പറ്റി ജനങ്ങള്‍ക്ക് സംശയമുണ്ടാവുന്നത് സ്വാഭാവികമാണെന്നായിരുന്നു ഒരു പരാമര്‍ശം. നിയമോപദേശത്തിന് പൊതു പണം ചെലവാക്കിയതിനെക്കുറിച്ചും കോടതിയുടെ പരാമര്‍ശമുണ്ടായി. അക്കാര്യം പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ മനസ്സാക്ഷിക്ക് വിടുന്നുവെന്നായിരുന്നു കോടതി പറഞ്ഞത്. ഇതെല്ലാം ഗൂഢാലോചനയുടെ ഫലമായി അഭിഭാഷകര്‍ ചോദിച്ച വാങ്ങിച്ചതെന്നാണ് മാണിയുടെ വാദം. റിട്ട് ഹര്‍ജി കൊടുത്തതിനേയും ചോദ്യം ചെയ്യും. വിജിലന്‍സ് ഡയറക്ടര്‍ എതിരായ പരാര്‍ശങ്ങള്‍ നീക്കാന്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. കേസിന്റെ മെരിറ്റിലേക്ക് കോടതി കടക്കുമായിരുന്നില്ല. ഇങ്ങനെ ചെയ്തത് വലിയ ഗൂഢാലോചനയാണ്. നേരത്തെ പിസി ജോര്‍ജുമായി ചേര്‍ന്ന് വിഷയം ഉയര്‍ത്തികൊണ്ടു വന്നരുടെ ഗൂഢാലോചനയാണ് ഇതെന്നാണ് മാണിയുടെ വിലയിരുത്തല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























