എല്ലാവരും പിന്നില്‍ നിന്നും കുത്തിയപ്പോള്‍ രാജി മനസാ സ്വീകരിച്ചു; വിധി പകര്‍പ്പ് ലഭിച്ചതോടെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; മാണിയുടെ രാജി ഒഴിവായത് ഇങ്ങനെ

ഹൈക്കോടതിപരാമര്‍ശം പ്രതികൂലമായെന്ന വാര്‍ത്തകള്‍ പടര്‍ന്നതോടെ ധനമന്ത്രി കെഎം മാണിയെ ഫോണില്‍ കൂടി കിട്ടാത്ത അവസ്ഥയായി. മാണിയെ തേടി ചാനലുകള്‍ നെട്ടോട്ടമോടി. ഇതിനിടെയില്‍ തന്നെ മാണിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് നേതാക്കള്ള്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് ഹൈക്കമാണ്ട് പോലും രാജി ആവശ്യപ്പെടുന്ന സാഹചര്യം. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആഞ്ഞടിച്ചു. ഘടകകക്ഷികളും സജീവമായി രംഗത്തു വന്നു. ഇതിനിടെയിലാണ് വിധിപ്പകര്‍പ്പിന്റെ ആദ്യ സൂചനകള്‍ മാണിക്ക് കിട്ടിയത്. അഭിഭാഷകര്‍ തന്നെയാണ് എല്ലാം വിശദീകരിച്ചത്. ഇതോടെ വീണ്ടും മാണി മാദ്ധ്യമങ്ങളുടെ മുന്നിലെത്തി. മകളുടെ വീട്ടില്‍ വച്ച് ഗൂഢാലോചനയെന്ന തിയറി അവതരിപ്പിച്ചു. അപ്പോഴും രാജി വേണമെങ്കില്‍ ആവാം എന്നായിരുന്നു മനസ്സ്. പാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നത്. ഇതോടെ മാണി സട കുടഞ്ഞ് എഴുന്നേറ്റു. പ്രതിരോധം തീര്‍ത്ത് ശക്തനാവാനുള്ള എല്ലാം കോടതി വിധിയിലുണ്ടെന്ന് മാണി തിരിച്ചറിഞ്ഞു.
കോഴ വാങ്ങിയെന്ന് പൊതുസമൂഹത്തിലെ ചര്‍ച്ചയ്ക്ക് അപ്പുറം സാങ്കേതികമായി കോടതി വിധിയില്‍ രാജി ഒഴിവാക്കാനുള്ള വസ്തുതകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് തന്നെയാണ് മാണിക്ക് തുണയാകുന്നതും. ഇത് മനസ്സിലാക്കിയതോടെ തൃപ്പുണ്ണിത്തുറയിലെ മകളുടെ വീട്ടില്‍ നിന്നുള്ള മാണിയുടെ യാത്രയുടെ റൂട്ട് തന്നെ മാറ്റി. ഇന്നലെ രാത്രി ഏഴേമുക്കാലോടെ പാലാ ബിഷപ് മാര്‍ കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച മാണി പത്തുമിനുട്ട് ചര്‍ച്ച നടത്തി മടങ്ങി. തുടര്‍ന്ന് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണില്‍ വിളിച്ചശേഷം പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തേക്കു പുറപ്പെട്ടു. എന്നാല്‍ മാദ്ധ്യമങ്ങള്‍ നിറഞ്ഞതിനാല്‍ യാത്ര ഒഴിവാക്കി. എന്നാലും കോടതി വിധിയെ കുറിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ എല്ലാം ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലുകളില്‍ സംശയവും ഉയര്‍ത്തി. വിധിപകര്‍പ്പിന്റെ കോപ്പി എല്ലാവര്‍ക്കും എത്തിക്കുകയും ചെയ്തു. കോടതി വിധിയില്‍ തനിക്കെതിരെ ഒന്നുമില്ലെന്നും വിശദീകരിക്കുകയും ചെയ്തു. യാത്രയില്‍ ഉടനീളം നേതാക്കളുമായി ചര്‍ച്ച ചെയ്തു. വിധി പകര്‍പ്പ് കിട്ടയതോടെ യാത്ര തിരുവനന്തപുരത്തേക്കുമായി.
എതായാലും മാദ്ധ്യമങ്ങളെ കാണാന്‍ മാണിക്ക് ഭയമാണെന്ന വിലയിരുത്തലുകള്‍ വിധി വന്നപ്പോള്‍ തന്നെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി. ഇത് കള്ളമാണെന്ന് തെളിയിക്കാനാണ് മാണിയുടെ അടുത്ത നീക്കം. ഏത് സമയവും മാണി മാദ്ധ്യമങ്ങളെ കാണും. വിശദമായി തന്നെ എല്ലാം വിശദീകരിക്കും. പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടാക്കി തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാണിക്ക് അറിയാം. എന്നാല്‍ ഇതൊന്നും വിലപോവില്ലെന്ന പ്രതീക്ഷയാണ് മാണിക്കുള്ളത്. പിജെ ജോസഫിനെ അടര്‍ത്തിയെടുത്ത് പ്രതിസന്ധി ഉണ്ടാക്കാനുള്ള നീക്കം വിലപോവാതിരിക്കാനും മാണി ശ്രമിക്കുന്നുണ്ട്. തന്റെ നിലപാടുകള്‍ വ്യക്തമായി തന്നെ ജോസഫിനേയും അറിയിച്ചിട്ടുണ്ട്. ഇതില്‍ സംശയങ്ങള്‍ക്ക് മറുപടി പറയാനും തയ്യാറായി. ഇതോടെ മാണിയെ എതിര്‍ക്കാന്‍ ജോസഫിനും പറ്റാത്ത അവസ്ഥയുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍ത്തവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും മാണി സൂചന നല്‍കുന്നു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുകയും കോണ്‍ഗ്രസില്‍ നിന്നും മുന്നണിയില്‍ നിന്നും സമ്മര്‍ദ്ദം ഏറുകയും ചെയ്ത സാഹചര്യത്തില്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തലുകള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കഌഫ് ഹൗസില്‍ ഇന്ന് രാവിലെ ഒമ്പതിന് ചേരുന്ന യു.ഡി.എഫ് നേതൃ യോഗത്തില്‍ രാജി തീരുമാനം ഉണ്ടാകുമെന്നും വാര്‍ത്തയെത്തി. മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതെ മാണി സ്വയം രാജി സന്നദ്ധത അറിയിച്ച് പ്രശ്‌നം പരിഹരിക്കുക എന്നതാണ് കേരള കോണ്‍ഗ്രസ് (എം) ഒഴികെയുള്ള യു.ഡി.എഫ് കക്ഷി നേതാക്കളില്‍ രൂപപ്പെട്ട ധാരണ. എന്നാല്‍ രാജി വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം) വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. മാണിക്ക് പകരം ആര് മന്ത്രിയാവണമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടുണ്ട്. രാജി ആവശ്യമില്ലെന്ന് പാര്‍ട്ടിയില്‍ മാണിയെ അനുകൂലിക്കുന്ന ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചപ്പോള്‍, അക്കാര്യം ചര്‍ച്ച ചെയത് തീരുമാനിക്കുമെന്നാണ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞത്. ഇതെല്ലാം മാദ്ധ്യമങ്ങള്‍ പലരീതിയില്‍ വ്യാഖ്യാനിച്ചു.
കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലും മുസ്ലിംലീഗ് നേതാക്കളുമായി മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചകളില്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്ന ധാരണയാണ് രൂപപ്പെട്ടത്. ഈ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണയുണ്ടായാലും മാണിക്ക് ഇനി പിടിച്ചു നില്‍ക്കുക പ്രയാസമാകും. വിധിക്ക് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ വി എം. സുധീരന്‍, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തപ്പോള്‍ തന്നെ മാണി മന്ത്രി സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്ന നിലപാട് സുധീരനും ആന്റണിയും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനിടെയില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടും നിലപാടുമായി വന്നു. ബാര്‍ കോഴയിലെ കോടതി വിധിക്ക് ദേശീയ മാദ്ധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യമായിരുന്നു ഇതിന് കാരണം.
രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും മാണിയെ ഇനിയും ചുമക്കാനാവില്ലെന്നും ഇന്നലെ തുറന്നടിച്ച കെപിസിസി ഉപാദ്ധ്യക്ഷന്‍ വി.ഡി. സതീശന്‍, ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. മാണി എത്രയുംവേഗം രാജിവച്ച് മാതൃക കാട്ടണമെന്ന് ടി.എന്‍. പ്രതാപന്‍ എംഎ!ല്‍എയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ കെ.പി. അനില്‍കുമാറും പന്തളം സുധാകരനും ഇതേ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചു. യു.ഡി.എഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല, കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്നും പറഞ്ഞു. മാണി രാജിവയ്ക്കണമെന്ന ഐ ഗ്രൂപ്പ് നിലപാട് മുഖ്യമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ ചെന്നിത്തല അറിയിച്ചു. നിലപാടു വ്യക്തമാക്കിയില്ലെങ്കിലും യു.ഡി.എഫ് തീരുമാനിക്കുമെന്നാണ് മുസ്ലിംലീഗ് നേതാവ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മാണി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കോടതിവിധി വരുന്നതിന് മുന്‍പുതന്നെ ആര്‍.എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും പറഞ്ഞിരുന്നു. അതേസമയം മാണിയെ തള്ളിപ്പറഞ്ഞില്ലെങ്കിലും എല്ലാം ഇന്ന് യു.ഡി.എഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇതെല്ലാം ഗൗരവത്തോടെ തന്നെ മാണിയും വീക്ഷിച്ചു. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിയുടെ സാഹചര്യമില്ലെന്നാണ് വിധി പകര്‍പ്പുയര്‍ത്തി മാണി വാദിക്കുക. ഇതിനെ ഖണ്ഡിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും കരുതുന്നു. സോളാര്‍ കേസിലും മറ്റും മുഖ്യമന്ത്രിക്ക് എതിരെ കോടതി പരമാര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരും രാജിവച്ചില്ല. ഈ സാഹചര്യത്തില്‍ താനും മന്ത്രിപദവിയില്‍ തുടരും. അതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് മാണിയുടെ തീരുമാനം. കേരളാ കോണ്‍ഗ്രസിലെ ഐക്യം നിലനിര്‍ത്താന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് പിജെ ജോസഫ് നേരിട്ട് നല്‍കിയതോടെ എല്ലാം അനുകൂലമാക്കുകയാണ് മാണി. ഇതിനിടെയില്‍ മാണിയെ ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധം തീര്‍ത്ത് ചെറുക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞതും ശ്രദ്ധേയമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























