കള്ളന്‍ കപ്പലില്‍ തന്നെയായിരുന്നു? മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

കള്ളന്‍ കപ്പലില്‍ തന്നെയായിരുന്നു, തിരുവനന്തപുരം മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലായി. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ പഴ്‌സനല്‍ സ്റ്റാഫിന്റെ ഡ്രൈവറെയാണ് ചോദ്യംചെയ്യുന്നത്.
യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആളും ഒന്നു തന്നെ എന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. യുവതിക്കെതിരെ മ്യൂസിയം പരിസരത്തു വച്ച് ആക്രമണമുണ്ടായി ഏഴാം ദിവസമാണ് വഴിത്തിരിവ്. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു യുവതിയെ അജ്ഞാതന്‍ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവന്‍കോണത്തെ വീട്ടിലും അജ്ഞാതന്‍ എത്തി.
ഇരുവരും ഒരാള്‍ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ എന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവില്‍ രണ്ടു പേരും ഒരാള്‍ എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമി കാറില്‍നിന്ന് ഇറങ്ങുന്നതും വിഡിയോയില്‍ വ്യക്തമാണ്. മ്യൂസിയത്തിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം വ്യക്തമല്ലായിരുന്നു.
https://www.facebook.com/Malayalivartha


























