കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദം... കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍; കോര്‍പ്പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് വ്യാജമായി സ്‌കാന്‍ ചെയ്ത് കയറ്റിയാവാം കത്ത് തയ്യാറാക്കിയത്; കത്തിനെക്കുറിച്ച് ആദ്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നാണ് ജീവനക്കാരുടെ മൊഴി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴി എടുത്തു. കോര്‍പ്പറേഷനിലെ നിയമന കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. വിശദ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തപ്പോഴാണ് നിയമന ശുപാര്‍ശ തേടിക്കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് നല്‍കാനായി കത്ത് തയാറാക്കിയിട്ടില്ലെന്ന് മൊഴി നല്‍കിയത്. കോര്‍പ്പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് വ്യാജമായി സ്‌കാന്‍ ചെയ്ത് കയറ്റിയാവാം കത്ത് തയാറാക്കിയതെന്നാണ് മേയറുടെ നിലപാട്.
പരാതിക്കാരിയായ മേയറെക്കൂടാതെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കത്ത് തയാറാക്കിയതായി അറിഞ്ഞിട്ടില്ലെന്നും കത്തിനെക്കുറിച്ച് ആദ്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ഭൂരിഭാഗം ജീവനക്കാരും മൊഴി നല്‍കിയത്. മൊഴിയെടുത്തതിന് അപ്പുറം രേഖകളോ കംപ്യൂട്ടറുകളോ െ്രെകംബ്രാഞ്ച് ഇന്നും കസ്റ്റഡിയിലെടുത്തിട്ടില്ല.
താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുന്‍ഗണന പട്ടിക ആവശ്യപ്പെട്ട് നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന വിവാദത്തില്‍ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. കത്ത് തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംം ബ്രാഞ്ച് ശുപാര്‍ശ നല്‍കിയത്. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ലോക്കല്‍ പൊലീസ് അല്ലെങ്കില്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യാജ കത്ത് നിര്‍മ്മിച്ച് അനധികൃത നിയമനം നടത്തിയെന്ന മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറിന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ കോടതി വിജിലന്‍സിനോട് വിശദീകരണം തേടിയിരുന്നു. ഈ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാല്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാല്‍ യഥാര്‍ത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha
























