വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലില്‍ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. സംസാരവൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയാണ്. വിദേശത്തുള്ള മുഹമ്മദ് നസീറിനെ ദുരന്തവിവരം അറിയിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം. സ്‌കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളില്‍ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം പാര്‍ക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകര്‍ ഇവിടെ വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയില്‍ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാല്‍ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിര്‍ത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. ആദം മുറിയില്‍ ഉണ്ടെന്ന ധാരണയിലായിരുന്നു ഇത്. തുടര്‍ന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാര്‍ക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയില്‍ ആദത്തിന്റെ ടീഷര്‍ട്ടിന്റെ നിറം കണ്ട് തിരിച്ചറിയുന്നത്. ഉടന്‍ പാര്‍ക്കിലെ ജീവനക്കാരിലൊരാള്‍ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നല്‍കി. എന്നാല്‍ അപ്പോഴേക്കും കാണാതായി 15 മിനിറ്റെങ്കിലും കഴിഞ്ഞിരുന്നു.
തുടര്‍ന്ന് പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ഒരു മണിക്കൂറോളം ഡോക്ടര്‍മാര്‍ ജീവന്‍ വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ 3.17ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതായി തടിയിട്ടപറമ്പ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അടുത്തിടെയാണ് പാര്‍ക്കില്‍ ബോട്ട് സവാരിക്കായി വെള്ളച്ചാല്‍ കുഴിച്ചത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണെന്നും പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























