അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം; ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു; പ്രതി ഇപ്പോഴും സുരക്ഷിതൻ; ഈ പണി എനിക്ക് വേണ്ട; ന്യൂറോസർജനുമാകേണ്ട; ഡോക്ടർ പണിയും വേണ്ട; ഞാൻ രാജ്യം വിടുന്നു; ആക്രമിക്കപ്പെട്ട ഡോക്‌ടറുടെ ദയനീയ അവസ്ഥ വിവരിച്ച് ഡോ സുൽഫി നൂഹു

ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു"! അക്രമിക്കപ്പെട്ട ഡോക്ടർ പണി നിർത്തുന്നുവെന്ന വിവരം പങ്കു വച്ച് ഡോ സുൽഫി നൂഹു രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞാൻ ഡോക്ടർ പണി നിർത്തുന്നു.
"ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു"! കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ . അടിവയർ നോക്കി ചാടി ഒരു ചവിട്ട്.
സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ, എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ. അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ.
സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ.പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്ന് തീരുമാനവും. ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതൻ. സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറായി വനിതാ ഡോക്ടറും . പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകൾ, വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല.
ഇത് തലസ്ഥാനനഗരിയിൽ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാൻ പാടില്ല. അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്കാരം. നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയർ നോക്കി ചാടി ചവിട്ടിയാൽ ഇനി നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!
https://www.facebook.com/Malayalivartha























