ഒരുമാസം മുമ്പ് പരിചയപ്പെട്ട ഇൻസ്റ്റാഗ്രാം പെൺസുഹൃത്തിനെ കാണാൻ നാദാപുരത്ത് എത്തിയ കാസർഗോഡ് സ്വദേശിയെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സൂചന: വാരിയെല്ലുകള്‍ തകര്‍ന്ന് രക്തസ്രാവം: ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകൾ, തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ പരിക്കുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ഓടി രക്ഷപെട്ട കൂട്ടുകാരൻ ഒളിവിൽ കഴിഞ്ഞത് യുവതിയുടെ വീട്ടിൽ...

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ എത്തിയ കാസർഗോഡ് സ്വദേശിയെ നാദാപുരത്ത് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുവത്തൂര്‍ ചീമേനി വലിയപൊയിലിലെ ശ്രീജിത്തിനെ (38) ആണ് നാദാപുരം റോഡില്‍ നരിക്കാട്ടേരി കനാല്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് കാര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍ കാര്‍ അപകടം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീജിത്തും കൂടെയുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ച കാര്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച നിലയിലാണ് കണ്ടെത്തിയത്.
എന്നാല്‍ യുവാവിന്റെ മരണം ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നതോടെ കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കാറിലുണ്ടായിരുന്നതായി കരുതുന്ന യുവാവ് പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യവും പുറത്ത് വന്നതോടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നരിക്കാട്ടേരി കനാല്‍ പാലത്തിന് സമീപം കാറില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയ ശ്രീജിത്തിനെ ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 'വാരിയെല്ലുകള്‍ തകര്‍ന്ന് രക്തസ്രാവം ഉണ്ടായിരുന്നു. ഇടത് കയ്യെല്ലിന് പൊട്ടലും സംഭവിച്ചിരുന്നു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ പരിക്കുമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളും കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിവാഹിതനായ ശ്രീജിത്ത് വടകരയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ എത്തിയിരുന്നു.
ശ്രീജിത്തിന്റെ കൂടെ കണ്ണൂർ സ്വദേശിയായ യുവാവും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. കാര്‍ ഓടിച്ചിരുന്നത് കൂടെയുണ്ടായിരുന്ന ആളാണെന്ന സൂചനയും പുറത്ത് വന്നിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഷോള്‍ഡറില്‍ ബാഗുമായി ഒരു യുവാവ് ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച നിലയില്‍ ആണെങ്കിലും കാറിനോ വൈദ്യുതി തൂണിനോ കേടുപാടുകള്‍ ഒന്നും ഇല്ലാത്തത് സംശയം ഇരട്ടിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. കണ്ണൂർ കേളകം സ്വദേശിയായ യുവാവാണ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ശ്രീജിത്ത് കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാണെന്നു മനസിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി.
എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ശ്രീജിത്ത് ശനിയാഴ്ച വൈകുന്നേരം മാഹിയില്‍ നിന്ന് മദ്യം വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ടും പരിശോധന നടത്തുന്നുണ്ട്. ഒരു മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി യുവതി ഇയാളുമായി സൗഹൃദം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, യുവതിയുമായി ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുള്ളത് മരിച്ച യുവാവിനാണോ, മുങ്ങിയ ആൾക്കാണോ എന്ന കാര്യത്തിൽ പോലീസിന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. മുങ്ങിയ ആളെ കണ്ടെത്തിയാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നാദാപുരം ഇൻസ്‌പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha






















