ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികള്‍ പിടിയിലായി. അഞ്ചുമാസമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലന്‍ (52), ഭാര്യ രശ്മി (44) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ജില്ലയിലെ മരട് ഭാഗത്ത് നിന്നുമാണ് പൊലീസ് സംഘം ദമ്പതികളെ പിടികൂടിയത്. 2025 ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. പൂയപ്പള്ളി സ്വദേശിയില്‍ നിന്ന് ഓസ്ട്രലിയന്‍ വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം രൂപയും വിവാഹ വാഗ്ദാനം നല്‍കി 15.52 ലക്ഷം രൂപയും തട്ടിച്ച കേസുകള്‍ക്ക് പുറമെ വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയ കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 85 ലക്ഷം രൂപ തട്ടിച്ച വമ്പന്‍ കേസുകളും വന്നു.
കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലടക്കം വാഹനങ്ങള്‍ മറിച്ചു വിറ്റും ലോണ്‍ വാഗ്ദാനം ചെയ്തും വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ പി. ഷാജിമോന്‍, എസ്‌ഐ രജനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















