പ്രണയ നൈരാശ്യത്തിന്റെ പേരിൽ വിഷ്ണുപ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി....

പ്രണയ നൈരാശ്യത്തിന്റെ പേരിൽ മൊകേരി വള്ളിയായിലെ വിഷ്ണുപ്രിയയെ കൊലപെടുത്തിയ കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. കഴിഞ്ഞ ഒക്ടോബർ 22ന് ഉച്ചക്ക് 12 നാണ് സംഭവം. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു.
സമീപകാലത്ത് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു. ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു.ഓറഞ്ച് നിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്സുമാണ് അയാള്‍ ധരിച്ചിരുന്നത്.
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി.
കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്.
ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. വൈകിട്ട് അഞ്ചരയ്ക്ക് മാനന്തേരിയില്‍വെച്ച് പാനൂര്‍ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















