കോഴിക്കോട്അക്കൗണ്ട് തട്ടിപ്പ്;മാനേജര്‍ റിജില്‍ ഒളിവിൽ; 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടം; മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക്

കോഴിക്കോട് കോർപറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ ഇപ്പോഴും കാണാമറയത്ത്. കേസ് എടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും രെജില്‍ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍റെ കണക്ക്. എന്നാൽ ഇപ്പോഴും പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. ഇതിന് പുറമെ രെജിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയോയെന്ന് കൂടെ ബാങ്ക് പരിശോധിക്കും.
റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരിവിപണയിലുമെന്ന് സൂചന. എട്ടുകോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ചെലവാക്കിയതെന്നാണ് കരുതുന്നത്. അതേസമയം, ബാങ്കിലെ പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സാധാരണ കുടുംബത്തിലെ അംഗമായ റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. റിജില്‍ പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ് റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ചെറിയ തുകകളായാണ് പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. സീനിയര്‍ മാനേജര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം ഇയാള്‍ ദുരുപയോഗം ചെയ്തതായും ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























