തരൂര്‍ കുതിയ്ക്കുന്നു... വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ന് കോട്ടയത്ത്; യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം കോട്ടയത്ത് നിര്‍ണായകമാകും; തെക്കന്‍ സന്ദര്‍ശനം ഇന്നു മുതല്‍; മതമേലധ്യക്ഷരെ തരൂര്‍ കാണും; മതമേലധ്യക്ഷന്‍മാരുടെ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടി

മലബാറില്‍ കരുത്ത് തെളിയിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയത്ത് എത്തുകയാണ്. ഇതോടെ ബലൂണിനോട് ഉപമിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകള്‍ പൊന്നാവുകയാണ്. ബലൂണ്‍പോലെയുള്ള നേതാക്കള്‍ പൊട്ടും. സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ തിരുവനന്തപുരം എം പി ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.
പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂര്‍ കാണുന്നുണ്ട്. എന്നാല്‍ പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ല എന്ന നിലപാടിലാണ് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്.
കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കില്ല. തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.
അതേസമയം ശശി തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പര്യടന പരിപാടി ഇന്ന് ആരംഭിക്കും. മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദം ഉയര്‍ത്തിയതിനാല്‍ അതില്‍നിന്നു പാഠം ഉള്‍ക്കൊണ്ടുള്ള സമീപനം ഇത്തവണ പാര്‍ട്ടിയും തരൂരും സ്വീകരിക്കാനാണ് എല്ലാ സാധ്യതയും. ഈ യാത്രയില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ക്കു നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. ഇന്ന് പാലായില്‍ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും.
വൈകിട്ട് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കും. നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂര്‍ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തില്‍ അതിഥിയാണ്. മറ്റന്നാള്‍ രാവിലെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയില്‍ ഉണ്ട്.
ഡല്‍ഹിയില്‍നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂര്‍ വെള്ളയമ്പലം ബിഷപ് ഹൗസില്‍ എത്തി ചര്‍ച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ട്. പര്യടന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
മലബാര്‍ പര്യടനം ഏകോപിപ്പിച്ച എം.കെ.രാഘവന്‍ എംപി ഈ യാത്രയുടെ ഭാഗമാകാന്‍ ഇടയില്ല. ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് തരൂരും കൂട്ടരും നടത്തുന്നത് എന്ന ആക്ഷേപം കോണ്‍ഗ്രസിലെ പ്രബല വിഭാഗം ഉയര്‍ത്തുന്നതിനാല്‍ അതു കണക്കിലെടുത്താകും നീക്കം.
അതേസമയം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണമെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. കേരളത്തിനു പുറത്ത് എവിടെയും അധ്വാനശേഷിയും പ്രൊഫഷണല്‍ മികവും കാണിക്കുന്ന മലയാളികള്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയമാണ് ഇതിനു കാരണമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ പറയുന്നത്.
എന്നാല്‍, മലയാളികള്‍ ഇവിടെ വിജയമാതൃക സൃഷ്ടിച്ചതിന്റെ കഥകളുമുണ്ട്. കപ്പല്‍ രൂപകല്പനാ വിദഗ്ധനായ ആന്റണി പ്രിന്‍സ് കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ലോകോത്തരമായ കപ്പല്‍ പുറത്തിറക്കിയത് ഇത്തരത്തിലൊന്നാണ്. നാട്ടുകാരെ വിശ്വസിച്ചാല്‍ നല്ല ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണിത്. അതിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
മാതൃഭൂമി വേദിയിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. പ്രഭാഷണം കേള്‍ക്കാനെത്തിയ കരുളായി ഓര്‍ഫനേജ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത് സന്തോഷം പങ്കിട്ടാണ് തരൂര്‍ വേദിവിട്ടത്. അവിടേയും തരൂര്‍ തന്നെയായിരുന്നു താരം.
"
https://www.facebook.com/Malayalivartha
























