വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണക്കേസുകളില്‍ ഉടന്‍ അറസ്റ്റുണ്ടായേക്കും... പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത ആയിരത്തോളം പേരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി...

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണക്കേസുകളില്‍ ഉടന്‍ അറസ്റ്റുണ്ടായേക്കും. പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത ആയിരത്തോളംപേരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ പലരും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. സ്ത്രീകളെ ഒഴിവാക്കി ആദ്യം പ്രതികളായ പുരുഷന്മാരെ അറസ്റ്റുചെയ്യാനാണ് നീക്കം. ഉന്നതതല അനുമതി ലഭിച്ചാലുടന്‍ അറസ്റ്റുണ്ടാകും.
ആക്രമണത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രൊബേഷന്‍ എസ്.ഐ. ലിജോ പി. മണിയുടെ മൊഴിയില്‍ കണ്ടാലറിയുന്ന പത്തുപേരെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ലിജോയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയതെന്നും എഫ്.ഐ.ആറില്‍ .
വിഴിഞ്ഞം തുറമുഖ കവാടത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരേ കഴിഞ്ഞ ദിവസവും പുതിയ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. നിലവില്‍ അറുനൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തും പരിസരത്തും ക്യാമ്പു ചെയ്യുന്നുണ്ട്.
കൂടുതല്‍ പോലീസിനെ പേരൂര്‍ക്കട എ.ആര്‍. ക്യാമ്പില്‍ സജ്ജരാക്കി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ പേരും വിലാസവും വ്യക്തമാക്കിയാണ് കേസെടുക്കുന്നത്. കേസിലുള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പൂവാര്‍ ഇടവകയിലുള്ളവരാണ്. പലരെയും ഒന്നിലേറെ കേസുകളില്‍ പ്രതിയാക്കിയിട്ടിട്ടുണ്ട്.
ദക്ഷിണമേഖലാ ഡി.ഐ.ജി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ക്രൈംകേസുകളുടെ അന്വേഷണത്തിന് ഒരു ഡി.സി.പി.യെയും ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha
























