നരിക്കാട്ടേരിയിലെ യുവാവിന്റെ ദുരൂഹ മരണത്തില്‍ കൂടെയുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍... യുവാവിനെ സംഭവ സ്ഥലമായ നരിക്കാട്ടേരി കനാല്‍ പരിസരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

നരിക്കാട്ടേരിയിലെ യുവാവിന്റെ ദുരൂഹ മരണത്തില്‍ കൂടെയുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍... കണ്ണൂര്‍ കേളകം സ്വദേശി തേക്കുങ്കല്‍ സമീഷ് ടി. ദേവ്(28)നെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലി അറസ്റ്റുചെയ്തത്. കണ്ണൂരിലെ വാഹന കമ്പനിയിലെ ജീവനക്കാരനായ സമീഷിനെ സംഭവസ്ഥലമായ നരിക്കാട്ടേരി കനാല്‍ പരിസരത്തെത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ പാലേരി വീട്ടില്‍ ശ്രീജിത്ത്(38) അപകടത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കാണപ്പെട്ടത്. പിറ്റേന്ന് മരിക്കുകയും ചെയ്തു. കൂടെയുള്ള ആളെത്തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് പ്രതിയെ കല്ലാച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. സംഭവ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മാഹിയിലെ ബാറില്‍വെച്ചാണ് രണ്ടു പേരും പരിചയപ്പെട്ടത്.
മദ്യപിച്ചശേഷം ഇരുവരും കൂടി ശ്രീജിത്തിന്റെ കാറില്‍ നരിക്കാട്ടേരിയിലേക്ക് പുറപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലൂടെ സമീഷ് പരിചയപ്പെട്ട പ്രദേശത്തെ യുവതിയെ കാണാനാണ് ഇവര്‍ നരിക്കാട്ടേരിയില്‍ എത്തിയത്. കനാല്‍ പരിസരത്ത് എത്തിയപ്പോള്‍ ശ്രീജിത്ത് കാറില്‍ നിന്ന് മൂത്രമൊഴിക്കാനിറങ്ങി. ഇവിടെനിന്ന് യുവതിയുടെ വീട്ടിലേക്ക് സമീഷ് തനിയെ കാറില്‍ പോയി. യുവതിയുടെ വീട്ടിനടുത്ത് എത്തിയപ്പോള്‍ റോഡില്‍ ആളുകളെ കണ്ടതോടെ തിരിച്ചുപോരുകയായിരുന്നു.
നേരത്തേ ശ്രീജിത്തിനെ ഇറക്കിയ സ്ഥലത്തെത്തിയപ്പോഴേക്കും അയാള്‍ റോഡിന്റെ മധ്യത്തില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ കാറോടിക്കുന്നതിനിടെ ദേഹത്ത് കൂടെ കയറിയിറങ്ങിയെന്നാണ് സമീഷ് പോലീസിനോട് പറഞ്ഞത്. ചെറിയ കയറ്റമായതിനാല്‍ റോഡില്‍ ശ്രീജിത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഇയാള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, ഭര്‍ത്തൃമതിയായ യുവതിയുടെ സഹായം തേടി സംഭവസ്ഥലത്തുനിന്ന് ഫോണില്‍ വിളിച്ചതായും പിന്നീട് അവിടെ നിന്ന് മുങ്ങിയതായുമാണ് സമീഷ് പോലീസിനോട് പറഞ്ഞത്.
യുവതി നേരത്തേ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവും പോലീസ് പരിശോനയിലുണ്ട്്. സംഭവം കൊലപാതകമല്ലെന്നും വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്നും പോലീസ് . വിശദമായ ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് വ്യക്തമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha
























