നടന്ന് പോകുന്നതിനിടെ പെൺകുട്ടിയെ ബൈക്കിലെത്തിയ മുൻ കാമുകൻ വെട്ടിവീഴ്ത്തി കടന്ന് കളഞ്ഞു; ഇരുവരും തമ്മിലെ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് സൂചന: പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീണ്ടും കൊച്ചിയെ നടുക്കി പ്രണയപ്പക. കാൽനടയാത്രക്കാരിയെ നടുറോഡിൽ വച്ച് വെട്ടിവീഴ്‌ത്തിയ ശേഷം മുൻ കാമുകൻ രക്ഷപ്പെട്ടു. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കയ്യിലാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. രണ്ട് പെൺകുട്ടികൾ നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെൺകുട്ടിയെ വെട്ടാൻ ശ്രമിച്ചു.
ഇത് തടയുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്ക് വെട്ടേറ്റു. കണ്ടുനിന്ന നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
മുൻകാമുകനുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതിയ്ക്കായുള്ള തെരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























