അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല... ആത്മഹത്യാക്കുറിപ്പെഴുതി വീട്ടിൽ വച്ച് ബന്ധുവിനൊപ്പം കടൽക്കരയിൽ എത്തിയ പെൺകുട്ടിയെ കാണാതായി: ബാഗും ചെരുപ്പും കടൽത്തീരത്ത് കണ്ടതോടെ കോസ്റ്റൽ പോലീസടക്കം നടത്തിയ തെരച്ചിലിൽ തുണയായത് ഗൂഗിൾ പേ....

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിനെ തുണച്ച് ഗൂഗിൾ പേ. കഴിഞ്ഞ ഞായറാഴ്ച കാണാതായ ഇരുപത്തിയൊന്നുകാരിയെയാണ് ഒടുവിൽ മുംബൈയിൽ നിന്ന് കണ്ടെത്തിയത്. പൊഴിയൂരെ കടൽക്കരയിൽ ബന്ധുവിനൊപ്പം എത്തിയ പെൺകുട്ടിയെയാണ് കാണാതായത്. ഒപ്പമെത്തിയ ബന്ധു നടന്ന് തിരികെ എത്തിയപ്പോൾ കടൽക്കരയിൽ പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി. ഇതോടെ തിരയിൽ അകപ്പെട്ടെന്ന നിഗമനത്തിൽ നാട്ടുകാരും കോസ്റ്റൽപൊലീസുമെല്ലാം ചേർന്ന് തിരച്ചിൽ നടത്തി. പൊഴിയൂർ പൊലീസ് സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊഴിയൂരിൽ നിന്നൊരു യുവതി പർദ ധരിച്ച് ഓട്ടോയിൽ കയറുന്നത് കണ്ടെത്തി.
ദൃശ്യങ്ങളിൽ നിന്ന് മുഖം വ്യക്തമായില്ലെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ നടപ്പ് യുവതിയുടേതാണെന്ന നിഗമനത്തിലെത്തി. തുടർന്ന് യുവതി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തി. കളിയിക്കാവിളയിലെ ഒരു ബേക്കറിയിൽ നിന്നും ഗൂഗിൾപേ ചെയ്തു വാങ്ങിയ പണമാണ് യുവതി ഓട്ടോക്കൂലി നൽകിയതെന്ന് ഡ്രൈവർ മൊഴി നൽകി. ഈ നമ്പർ കണ്ടെത്തി നടത്തിയ പരിശോധനയാണ് ദുരൂഹത നീക്കിയത്.
മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടാണ് പെൺകുട്ടി പൊഴിക്കരയിലേക്ക് പോയതെങ്കിലും വീട്ടുകാർ അറിയാതെ മറ്റൊരു ഫോൺ കുട്ടിയുടെ കൈവശം ഉണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. യാത്രയ്ക്കിടയിൽ പല തവണ ഒാൺലൈൻ വഴി പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് പെൺകുട്ടിക്കുള്ള വിവരം വീട്ടുകാർക്ക് പോലും അറിയില്ല.
എം.എസ്.സിക്ക് പഠിക്കുകയായിരുന്ന യുവതിക്ക് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. കാണാതായതിന്റെ അടുത്ത ദിവസം കുട്ടിയുടെ മുറിയിൽ നിന്ന് രക്ഷിതാക്കൾക്ക് എഴുതിയ വിശദമായ ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. പെൺകുട്ടി മുംബൈയിൽ എത്തിയത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പൊലീസ് അന്വേഷിക്കും. പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ പൊലീസ് സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























