അടി കൊഴുക്കുന്നു... ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്‌ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ എം.വി.ജയരാജന്റെ പോസ്റ്റ്; നയപ്രഖ്യാപന പ്രസംഗത്തിന് തയ്യാറെടുക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ഗവര്‍ണര്‍ക്കെതിരെ നീങ്ങിയ സെനറ്റര്‍മാര്‍ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. ഗവര്‍ണറുടെ തീരുമാനങ്ങള്‍ ശരിയായിരുന്നോ എന്നും അറിയാനാകും. ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്‌ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കുക.
ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാല്‍ വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 'പ്രീതി' പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വിസിമാരുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുടാത്ത പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നല്‍കിയെന്നാണ് നിയമസഭാ രേഖ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിത് വരെ പുറത്ത് നിന്നുള്ള നിയമോപദേശത്തിന് മാത്രം 3 കോടി 63 ലക്ഷത്തി 90 ആയിരം രൂപയാണ്
അതേസമയം നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. നിലവില്‍ സഭ സമ്മേളനം പിരിയാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം, നയ പ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആകില്ല. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം. പുതിയവര്‍ഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്.
കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മര്‍ദത്തിലാക്കിയതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാര്‍ശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ കണക്കാക്കാം. തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിനാവില്ല. വരുന്ന വര്‍ഷം എപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
അതേസമയം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ ഫെയ്‌സ്ബുക് കുറിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണു ബന്ധം എന്ന ചോദ്യവുമായാണു 'ദേവന്‍ രാമചന്ദ്രന്‍നിയമത്തെക്കുറിച്ച് വീണ്ടും' എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് തുടങ്ങുന്നത്.
സാങ്കേതിക സര്‍വകലാശാലാ വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തപ്പോഴാണു 'ദേവന്‍ രാമചന്ദ്രന്‍ നിയമം' വീണ്ടും ചര്‍ച്ച ചെയ്യേണ്ടിവരുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ നിയമം ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ലെന്നതു സ്വാഗതാര്‍ഹമാണെന്നും സേര്‍ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്ര ചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകമുണ്ടായാല്‍ നിയമസഭയാണ് നിയമനിര്‍മാണം നടത്തേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു.
തന്റെ നടപടിക്കെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പ്രീതി പിന്‍വലിക്കേണ്ടിവന്നത്. സെര്‍ച്ച് കമ്മിറ്റിയംഗത്തെ നാമനിര്‍ദേശം ചെയ്തിരുന്നെങ്കില്‍ പുതിയ വിജ്ഞാപനമിറങ്ങുമായിരുന്നു എന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, പ്രീതി ചാന്‍സലറുടെ വ്യക്തി താല്‍പര്യത്തിനല്ല, നിയമപരമായി മാത്രം നടപ്പാക്കേണ്ട ആശയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha


























