പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞു.... സന്നിധാനം ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ്; പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാം

ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്.
പന്തളത്തു നിന്നു കൊണ്ടുവന്ന തിരുവാഭരണം വാദ്യമേളങ്ങളോടെ സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ചത്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോള്‍ ജ്യോതിസ്വരൂപനെ പ്രാര്‍ഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെല്ലാം കര്‍പ്പൂരദീപം തെളിഞ്ഞു. കണ്ട് കൊതി തീരാതെ, തൊഴുത് കൊതി തീരാതെ പുരുഷാരം. മലമുകളില്‍ തെളിഞ്ഞ വിളക്കില്‍ നിന്ന് ഒരു നുള്ളുവെട്ടം അണയാജ്വാലയായി മനസ്സില്‍ കത്തിച്ചുവച്ച് ഭക്തലക്ഷങ്ങളുടെ മലയിറക്കം.
https://www.facebook.com/Malayalivartha


























