ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഹൈകോടതി

ദേശീയ പ്രാധാന്യമുള്ള അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസുകളില്‍ ഹാജരായി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഹൈകോടതി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്‌ളിക് ദിനത്തിലും സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫിസുകളിലത്തെി ഹാജര്‍ വെക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ക്കും ഉത്തരവ് ബാധകമാണ്. ഹാജരാകാനുള്ള കര്‍ശന നിര്‍ദേശം വകുപ്പ് മേധാവികള്‍ ജീവനക്കാര്‍ക്ക് നല്‍കി സാന്നിധ്യം ഉറപ്പാക്കണം. ഉത്തരവ് പാലിക്കാനുള്ള ബാധ്യത ജീവനക്കാര്‍ക്കുണ്ട്. വകുപ്പ് മേധാവികള്‍ നിര്‍ദേശം നല്‍കുന്നുണ്ടെന്നും അത് ജീവനക്കാര്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഉറപ്പാക്കണം. ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ദേശീയ അവധി ദിവസങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നിമിഷ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. 2008ല്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ദേശീയ അവധി ദിനങ്ങളില്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുണ്ടായത്. അതേസമയം, ഈ ദിനം എങ്ങനെ ആഘോഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. ജീവനക്കാരുടെ നിര്‍ബന്ധിത പങ്കാളിത്തവും ആവശ്യപ്പെടുന്നില്ല. നിലവിലെ ഹരജി പരിഗണിച്ച ഹൈകോടതി 2015 ആഗസ്റ്റ് 12ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാതന്ത്ര്യ, റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന ഈ ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ അഞ്ചിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലറില്‍ ദേശീയ ദിനങ്ങള്‍ വര്‍ണാഭമായി ആഘോഷിക്കണമെന്നും വകുപ്പ് മേധാവികള്‍ എല്ലാ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു. ഒഴിവാക്കാനാവാത്ത അടിയന്തര കാരണങ്ങളാല്‍ മാത്രമേ ഓഫിസുകളില്‍ ഹാജരായി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുന്‍കൂര്‍ അനുമതിയോടെ ജീവനക്കാര്‍ക്ക് ഒഴിവ് നല്‍കാനാവൂ. 1960ലെ കേരള ഗവ. സര്‍വന്റ് സര്‍വിസ് കോണ്ടക്ട് റൂള്‍സ് പ്രകാരം ഇത്തരം ചടങ്ങുകളില്‍ സംബന്ധിക്കുന്നത് ജോലിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha