ആവേശത്തില്‍ ആരാധകര്‍... ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി ഇന്ത്യ; ന്യൂസിലാന്‍ഡിനെ 90 റണ്‍സിന് വീഴ്ത്തി ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ചരിത്രം തിരുത്തി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ഒന്നാം സ്ഥാനക്കാരായിരുന്ന ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തായി

ആളില്ലാ കളിക്കളത്തില്‍ കാര്യവട്ടത്ത് ഇന്ത്യ തുടങ്ങിയ അടി ഇപ്പോഴും നിര്‍ത്തിയിട്ടില്ല. ടീം ഇന്ത്യ കുതിയ്ക്കുകയാണ്. ന്യൂസിലാന്‍ഡിനെ 90 റണ്‍സിന് വീഴ്ത്തി ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം നേടി. ഏകദിന റാങ്കിങ്ങിലും ഇന്ത്യ ഒന്നാം സ്ഥാനം നേടി.
മൂന്നാം ഏകദിനത്തില്‍ കിവീസിനെ 90 റണ്‍സിനു തോല്‍പിച്ചാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായത്. ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. പരമ്പര തുടങ്ങിയപ്പോള്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യയാണ് ഒന്നാമത്.
വളരെ ആവേശത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് കിവീസ്, 41.2 ഓവറില്‍ 295 റണ്‍സിന് പുറത്തായി. സെഞ്ചറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (100 പന്തില്‍ 138), ഹെന്റി നിക്കോള്‍സ് (40 പന്തില്‍ 42), മിച്ചല്‍ സാന്റ്‌നര്‍ (29 പന്തില്‍ 34) എന്നിവര്‍ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്നതിലും മുകളിലായിരുന്നു സ്‌കോര്‍.
ഠാക്കൂറിനെ കൂടാതെ ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചെഹല്‍ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (0) കുറ്റി തെറിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ കിവീസിനു പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കോണ്‍വെനിക്കോള്‍സ് സഖ്യം കിവീസിനെ കരകയറ്റുകയായിരുന്നു.
15ാം ഓവറില്‍ നിക്കോളസിനെ പുറത്താക്കി, കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കോണ്‍വെയും ഡാരില്‍ മിച്ചലും (31 പന്തില്‍ 24) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചലിനെയും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ടോം ലാതമിനെയും (പൂജ്യം) ഒരേ ഓവറില്‍ പുറത്താക്കി ഷാര്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
ഇതിനുശേഷം എത്തിയ ആര്‍ക്കും നിലയുറപ്പിക്കാനാകാതിരുന്നതോടെ ഇന്ത്യന്‍ ജയം എപ്പോള്‍ മാത്രമെന്ന ആകാംക്ഷ മാത്രമായിരുന്ന ബാക്കി. ചെഹല്‍ എറിഞ്ഞ 42ാം ഓവറിന്റെ രണ്ടാം പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ (29 പന്തില്‍ 34) പുറത്തായതോടെ കിവീസിന്റെ ഇന്നിങ്‌സിന് അന്ത്യമായി. കൂടാതെ, പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ ജയവും ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും. ഗ്ലെന്‍ ഫിലിപ്‌സ് (7 പന്തില്‍ 5), മൈക്കിള്‍ ബ്രേസ്‌വെല്‍ (22 പന്തില്‍ 26), ലോക്കി ഫെര്‍ഗൂസണ്‍ (12 പന്തില്‍ 7), ജേക്കബ് ഡഫി (0), ബ്ലെയര്‍ ടിക്‌നര്‍ (0*) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്‍പതു വിക്കറ്റു നഷ്ടത്തിലാണ് 385 റണ്‍സെടുത്തത്. സെഞ്ചറി നേടിയ രോഹിത് ശര്‍മ (85 പന്തില്‍ 101), ശുഭ്മന്‍ ഗില്‍ (78 പന്തില്‍ 112), അര്‍ധ സെഞ്ചറിയുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യ (38 പന്തില്‍ 54) എന്നിവരാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. വിരാട് കോലി (27 പന്തില്‍ 36), ഷാര്‍ദൂല്‍ ഠാക്കൂര്‍ (17 പന്തില്‍ 25), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (ഒന്‍പതു പന്തില്‍ 14), വാഷിങ്ടന്‍ സുന്ദര്‍ (ഒന്‍പത്), കുല്‍ദീപ് യാദവ് (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളും ആറ് സിക്‌സും താരം ബൗണ്ടറി കടത്തി. ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. ഗില്‍ അടിച്ചു കൂട്ടിയത് 13 ഫോറും, നാല് സിക്‌സും. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിതും ഗില്ലും ഇന്ത്യയ്ക്കു സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 76 പന്തുകളില്‍ 100 ഉം 145 പന്തുകളില്‍ 200 ഉം പിന്നിട്ടു. സ്‌കോര്‍ 212 ല്‍ നില്‍ക്കെ സെഞ്ചറി നേടിയതിനു പിന്നാലെ രോഹിത് ശര്‍മയെ മൈക്കിള്‍ ബ്രേസ്‌വെല്‍ ബോള്‍ഡാക്കി. തൊട്ടുപിന്നാലെ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡെവോണ്‍ കോണ്‍വെ ക്യാച്ചെടുത്തു ഗില്ലും മടങ്ങി.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കരിയറിലെ നാലാം ഏകദിന സെഞ്ചറിയാണ് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചറി (208) നേടിയ താരം രണ്ടാം പോരാട്ടത്തില്‍ പുറത്താകാതെ 40 റണ്‍സും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ടോപ് സ്‌കോററും ഗില്‍ തന്നെയാണ്.
"
https://www.facebook.com/Malayalivartha