മരണത്തിലേയ്ക്ക് അടുക്കും മുമ്പ് അവസാനമായി അച്ഛമ്മയെ കാണാൻ അക്ഷര: ആർക്കും സംശയത്തിനിട നൽകാതെ ചിരിച്ചുകൊണ്ട് ഇറങ്ങി ... പിന്നെ നടന്നതെല്ലാം ദുരൂഹം

പത്തൊമ്പതുകാരിയുടെ മരണം ഉൾക്കൊള്ളാനാകാതെ കുടുംബവും, നാടും. കഴിഞ്ഞ ദിവസമാണ് വയനാട് സുല്‍ത്താന്‍ ബത്തേരി ആശുപത്രി പരിസരത്ത് അക്ഷരയുടെ മൃതദേഹം കണ്ടെത്തിയത്. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആശുപത്രി കെട്ടിടത്തിനരികിലേക്ക് എത്തുന്നതിന് മുമ്പ് അക്ഷര കല്ലൂര്‍ 66-ലെ അച്ഛന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്തിരിക്കുന്ന അച്ഛമ്മയെ കാണാനായിരുന്നു വരവ്.
പന്ത്രണ്ടരയോടെ അമ്മയുടെ കൂടെയാണ് കോളിയാടിയില്‍ നെന്മേനി പഞ്ചായത്ത് ഓഫീസിന് സമീപത്തെ വീട്ടില്‍നിന്ന് കല്ലൂര്‍ 66-ലേക്ക് വന്നത്. അച്ഛമ്മയുടെ അസുഖം അന്വേഷിച്ചു വന്ന അക്ഷരയുടെ പെരുമാറ്റത്തില്‍ പന്തികേടൊന്നും ആര്‍ക്കും തോന്നിയില്ല. രണ്ട് മണിയോടെ ഊണ് കഴിക്കാനായി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാര്‍ മനസിലാക്കുന്നത്. ഉടന്‍ ബത്തേരി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.
അക്ഷരയുടെ അച്ഛന്റെ സഹോദരന്‍ പോലീസില്‍ ജോലി നോക്കുകയാണ്. ഇദ്ദേഹം അടക്കമുള്ളവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സ്‌റ്റേഷനിലേക്ക് വിവരം എത്തുന്നത്. സ്റ്റേഷനില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയുള്ള ആശുപത്രി കെട്ടിടത്തിന് താഴെ പെണ്‍കുട്ടി വീണ് കിടക്കുന്നുവെന്നതായിരുന്നു വിവരം.
അച്ഛന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ഉടന്‍ സംഭവസ്ഥലത്ത് എത്തി അത് അക്ഷര തന്നെയെന്ന് സ്ഥിരീകരിച്ചു. ഏഴ് നിലകളുള്ളതാണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം. പോലീസ് പരിശോധനയില്‍ ഏഴാമത്തെ നിലയില്‍നിന്ന് അക്ഷര ചാടിയെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്രയും ഉയരത്തിലേക്ക് പെണ്‍കുട്ടി എത്തിപ്പെട്ടത് എങ്ങനെയെന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല.
കെട്ടിടത്തില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താഴേക്ക് ടാപ്പ് ഓണ്‍ ചെയ്യാനായി വന്നപ്പോഴാണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും അക്ഷരയുടെ അടുത്ത കൂട്ടുകാരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് നഴ്‌സിങ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അക്ഷര. എന്നാല്‍ മൂന്നുമാസം കഴിഞ്ഞതോടെ കോഴ്‌സ് പൂര്‍ത്തിയാക്കാതെ വയനാട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് മൂലങ്കാവ് ടൗണിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സ് ചെയ്തു കൊണ്ടിരിക്കെയാണ് വേര്‍പാട്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവിതനൈരാശ്യം സൂചിപ്പിക്കുന്ന തരത്തില്‍ അക്ഷര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി വീണുകിടക്കുന്നതായി നിര്‍മാണ തൊഴിലാളികള്‍ വിവരമറിയച്ചതിന് പിന്നാലെ പൊലീസ് ആശുപത്രിയിലെത്തി.
ഉടന്‍ തന്നെ അക്ഷരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി.
അക്ഷരയുടേത് ആത്മഹത്യയാണെന്ന സൂചനകളാണ് ആദ്യം മുതല്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. കാണാതായ അക്ഷര താലൂക്ക് ആശുപത്രി പരിസരത്ത് എത്താനുള്ള കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്ക് നയിച്ച കാരണവും അജ്ഞാതമാണ്.
അക്ഷരയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കോളിയാടി ഉമ്മളത്ത് വിനോദ്-വിദ്യ ദമ്പതികളുടെ മകളാണ് അക്ഷര. അക്ഷയ് ഏക സഹോദരനാണ്. ബത്തേരി അമ്മായിപ്പാലത്ത് വര്‍ക് ഷോപ്പ് നടത്തുകയാണ് അച്ഛന്‍ വിനോദ്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ 11 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha



























