സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്

140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 78. 20 ശതമാനം പോളിംഗ്. 2021ല്‍ 74.06 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് ചിറ്റൂര്‍ മണ്ഡലത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട മണ്ഡലത്തിലും. കോഴിക്കോടും പാലക്കാടും പോളിംഗ് 80 ശതമാനം കടന്നു.
അതേസമയം കനത്ത പോളിംഗ് തങ്ങള്‍ക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. ബൂത്തുകളില്‍ വയോധികരും ജെന്‍സികളുമടക്കമുള്ളവരുടെ തിരക്ക് തരംഗത്തിന്റെ സൂചനയെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇത്തവണ തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന് ബി.ജെ.പി നേതാക്കളും ഉറപ്പിക്കുന്നു.
ഉയര്‍ന്ന പോളിംഗ് യു.ഡി.എഫ് തരംഗത്തിന്റെ സൂചനയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ട്രെന്‍ഡ് എല്‍.ഡി.എഫിന് അനുകൂലമാണ് വന്‍ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിനെ ജനങ്ങള്‍ അധികാരത്തിലെത്തിക്കും. ഉയര്‍ന്ന പോളിംഗ് യു.ഡി.എഫ് തരംഗം തന്നെയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങളും ബി.ജെ.പി ക്ലച്ച് പിടിക്കില്ലെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അതേസമയം, തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രവചനം.
https://www.facebook.com/Malayalivartha



























