തട്ടിപ്പുകള്‍ ഇങ്ങനെയും... ചാരിറ്റി സംഘടനയുടെ പേര് പറഞ്ഞ് അറുപതുകാരിയുടെ സ്വര്‍ണം അപഹരിച്ചു

മട്ടാഞ്ചേരിയില്‍ പട്ടാപ്പകല്‍ അറുപതുകാരിയുടെ സ്വര്‍ണം അപഹരിച്ചതായി പരാതി. ആപ്പൂര്‍ വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് ചാരിറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം നല്‍കി കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ചൊവ്വാഴ്ച രാവിലെ പണം വാങ്ങാന്‍ സ്റ്റാന്‍ഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസില്‍ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. വയോധിക പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ 9.30ന് സ്റ്റാന്‍ഡിലെത്തി ഏറെനേരം കാത്തിരുന്നു. പിന്നാലെയാണ് തട്ടിപ്പിനിരയായതെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും വിഷയത്തില്‍ ഇടപെട്ട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.
പെന്‍ഷന്‍ ആവശ്യത്തിന് കയര്‍തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ പോയി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് ചാരിറ്റി സംഘടനയുടെ കാര്യങ്ങള്‍ ധരിപ്പിച്ചത്. പ്രോത്സാഹനവുമായി മറ്റൊരാളും കൂടെയുണ്ടായിരുന്നു. വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവര്‍ വയോധികയെ സമീപിച്ചത്.
രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാന്‍ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനല്‍കണമെന്ന് യുവാവ് ധരിപ്പിച്ചു. പിന്നീട് പണയം വെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാന്‍ ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്‍പവനോളം വരുന്ന കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha






















