മാധ്യമ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിക്കുകയും തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത വ്യക്തിത്വം; അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലും നിയമസഭാ റിപ്പോര്‍ട്ടിംഗിലുമുള്ള അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തവും വായനക്കാരെ പിടിച്ചിരുത്തുന്നതുമാണ്; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഒരു കാലത്ത് മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്തപുരത്തെ മുഖമായിരുന്ന ശേഖരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിക്കുകയും തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ എന്നതു പോലെ നിയമസഭാ റിപ്പോര്‍ട്ടിംഗിലും അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തവും വായനക്കാരെ പിടിച്ചിരുത്തുന്നതുമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും. 1980-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി. ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍നായര്‍ രാജിവെച്ചിട്ടുണ്ടായിരുന്നു. 1999-ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു അദ്ദേഹം.
1993-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007-ല്‍ മാതൃഭൂമിയുടെ അന്നത്തെ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിനൊപ്പം ബെല്‍ഗ്രേഡില്‍നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























