ജലബോംബായി വീണ്ടും മുല്ലപ്പെരിയാര്‍ ഭീഷണിയുയര്‍ത്തുന്നു; ജലനിരപ്പ് 140.1 അടിയായി; ഇടുക്കിയിലും തേനിയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

കനത്ത മഴയില്‍ ചെന്നൈ നഗരം പ്രളയക്കെടുതിയില്‍പ്പെട്ടിരിക്കെ മുല്ലപ്പെരിയാറും ഭീഷണിയുയര്‍ത്തുന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 140.1 അടിയിലെത്തിയതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായി കണക്കാക്കുന്നത് 142 അടിയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ഡാമിലെ ജലനിരപ്പിന്റെ അളവ് മണിക്കൂറുകള്‍ ഇടവിട്ട് അവലോകനം ചെയ്ത് ജില്ലാ ഭരണകൂടത്തിനു ലഭ്യമാക്കാന്‍ ജലവിഭവവകുപ്പിന് ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന 129 കുടുംബങ്ങളെ സുരക്ഷയുടെ ഭാഗമായി റസ്‌ക്യൂ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. ഇവര്‍ക്കായി 12 ഷെല്‍ട്ടര്‍ഹോം ഒരുക്കും. മലപ്പുറത്തുനിന്ന് ക്വിക്ക് റസ്‌പോണ്‍സ് ടീമിലെ 100 പേരടങ്ങിയ പൊലീസുദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇവരെ ജില്ലയില്‍ എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
തമിഴ്‌നാട് ജലവകുപ്പ് ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരള ജലവവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് സന്ദര്‍ശിക്കും.
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ശാന്തിപ്പാലം മുതല്‍ ചപ്പാത്ത് വരെയുള്ള പൊതുമരാമത്ത് റോഡിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളിലൊന്ന് പ്രവര്‍ത്തിക്കുന്ന വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്ലിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. തോട്ടങ്ങളിലെ അടച്ചിട്ടിരിക്കുന്ന ഗേറ്റുകള്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കാനും തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അണക്കെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയത്. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെടുക്കണമെന്നാണ് നിര്‍ദ്ദേശം. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജല നിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടു മാത്രമെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തുകയുള്ളുവെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha