ബിജുരാധാകൃഷ്ണന്റെ ആരോപണം ആയുധമാക്കി ഉമ്മന്‍ചാണ്ടിയെ നിഷ്‌കാസിതനാക്കി സുധീരനെ പ്രതിഷ്ഠിക്കാന്‍ നീക്കം

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി ആയുധമാക്കി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ആരംഭിച്ചു. ലൈംഗിക ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിനാണ് നീക്കങ്ങള്‍ നടത്തുന്നത്്. എന്നാല്‍ ഇക്കുറി ഐ ഗ്രൂപ്പിന് പകരം സുധീരപക്ഷക്കാരാണ് രംഗത്തുള്ളത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യു.ഡി.എഫിന് വല്ലാത്ത തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
ഇന്നലെ സോളാര്‍ കമ്മിഷനില്‍ ബിജുരാധാകൃഷ്ണന്റെ മൊഴി വന്നയുടന്‍ തന്നെ ഇത്തരത്തിലുള്ള നീക്കം കോണ്‍ഗ്രസിനുളളില്‍ ആരംഭിച്ചു കഴിഞ്ഞു. എ ഗ്രൂപ്പിലെ ചിലരും ഇതിന് കൂട്ടായിട്ടുണ്ട്. മുന്‍ എ ഗ്രൂപ്പുകാരന്‍ കൂടിയായതുകൊണ്ട് സുധീരനെ പുതിയ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ വലിയ പ്രശ്‌നമില്ലെന്ന നിലപാടാണ് അവര്‍ക്ക്. അനൗപചാരികമായി ഇത്തരം ചര്‍ച്ചകള്‍ ഇന്നലെ നേതാക്കള്‍ നടത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ അവഗണിച്ചുതള്ളാന്‍ കഴിയുന്നതല്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. കോഴ മാത്രമല്ല, ലൈംഗിക ആരോപണം വരെ ഉയര്‍ന്നിരിക്കുകയാണ്. ബിജു രാധാകൃഷ്ണന്റെ മൊഴിയെ വെറും ആരോപണം എന്ന് കരുതി തള്ളിക്കളയാനും കഴിയില്ല. ഇതിന് ഉപോല്‍ബലകമായ പല കാര്യങ്ങളും സോളാര്‍ തട്ടിപ്പ് കത്തിനിന്ന സമയത്തുതന്നെ ഉയര്‍ന്നിരുന്നതാണെന്നാണ് ഇക്കൂട്ടരുടെ വാദം. എറണാകുളത്ത് വച്ച് ബിജുരാധാകൃഷ്ണനെ കണ്ടത് എന്തിനാണെന്ന് ഇതുവരെ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി തയാറായിട്ടുമില്ല. ഈ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ പറയുന്നതില്‍ സത്യമില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലത്രേ.
മാത്രമല്ല, ലൈംഗിക ആരോപണം വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തില്‍ കളങ്കപ്പെട്ട പ്രതിച്ഛായയുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തന്നെ ഇത് പ്രകടമായതാണ്. അന്ന് അഴിമതിയുടെ പേരില്‍ കോടതിയില്‍ നിന്നും പരാമര്‍ശമുണ്ടായ മാണിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോയതാണ് യു.ഡി.എഫിന് തിരിച്ചടിയേല്‍ക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്. അതിനെക്കാള്‍ വളരെ വലുതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല, ബാര്‍ കോഴ കേസില്‍ ബാബുവിന്റെ കാര്യവും മോശമായ സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ അവസാന ആറുമാസത്തേക്ക് ഒരു സമ്പൂര്‍ണ്ണ അഴിച്ചുപണി ആവശ്യമാണെന്ന് ഇവര്‍ വാദിക്കുന്നു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് അഴിമതിയാണ്. അന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ നേരിട്ട് ആരോപണങ്ങള്‍ ഉണ്ടായിരുന്നുപോലുമില്ല. ഘടകകക്ഷി മന്ത്രിമാരെ സംരക്ഷിച്ചുവെന്ന് മാത്രമായിരുന്നു ആരോപണം. എന്നിട്ടുപോലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇപ്പോള്‍ രാജ്യത്താകമാനം അഴിമതിക്കെതിരെ ഒരു വികാരം ഉയര്‍ന്നിട്ടുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ആ സാഹചര്യത്തില്‍ നേരിട്ട് അഴിമതി മാത്രമല്ല, ലൈംഗികാരോപണം കൂടി ഉയര്‍ന്ന വ്യക്തിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിന് പോകുന്നത് ആത്മഹത്യാപരമായിരിക്കും. അതിന് പകരം നല്ല പ്രതിച്ഛായയുള്ള വി.എം. സുധീരനെ പരീക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. അദ്ദേഹത്തിനെതിരെ മറ്റുതരത്തിലുള്ള ആരോപണങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ക്ലീന്‍ ഇമേജാണുള്ളതും. അത് കോണ്‍ഗ്രസിനും യു.ഡി.എഫിനും മുതല്‍ക്കൂട്ടാകും. വി.എം.സുധീരന്‍ ഇപ്പോള്‍ നിയമസഭാംഗമല്ല, എന്നത് പ്രശ്‌നമല്ല. ഇനി ഈ സര്‍ക്കാരിന് ആറുമാസത്തില്‍ താഴേ മാത്രമേ കാലാവധിയുളളു. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് ആവശ്യമായും വരില്ല. അതിനാല്‍ എന്തുകൊണ്ടും സുധീരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിനെ ഇവര്‍ ഉടന്‍ തന്നെ സമീപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha