ആറ്റിങ്ങല്‍ ഹോട്ടലിന്റെ മറവില്‍ സവാള ലോറിയില്‍ കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ കഞ്ചാവ് കച്ചവടം:ആലംകോട് ബാംബു ഹോട്ടലില്‍ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്, എഞ്ചിനീയറിംഗ് ബിരുദധാരിയടക്കം 4 പ്രതികളെ കല്‍ തുറങ്കലിലിട്ട് വിചാരണ തുടങ്ങി... സൂത്രധാരനായ മുഖ്യപ്രതി ഫഹദിന്റെയടക്കം ജാമ്യഹര്‍ജികള്‍ സെഷന്‍സ് കോടതി തള്ളി

ആറ്റിങ്ങല്‍ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ വില്‍പനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ 4 പ്രതികളെയും കല്‍ തുറുങ്കിലിട്ട് വിചാരണ തുടങ്ങി. 17 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. പ്രതികളുടെ റിമാന്റ് മാര്‍ച്ച് 7 വരെ ദീര്‍ഘിപ്പിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
റിമാന്റില്‍ കഴിയുന്ന സൂത്രധാരനായ മുഖ്യ പ്രതി ഫഹദിന്റെയടക്കം ജാമ്യഹര്‍ജികള്‍ സെഷന്‍സ് കോടതി തള്ളി. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കസ്റ്റേഡിയല്‍ വിചാരണ ചെയ്യുന്നത്. ആന്ധ്രയില്‍ നിന്ന് സവാള ലോറിയില്‍ കഞ്ചാവെത്തിച്ച് ഹോട്ടലില്‍ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂര്‍ തൊപ്പിച്ചന്ത എഫ്.എഫ്. മന്‍സിലില്‍ എന്‍.ഫഹദ് (26) , കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി. അര്‍ജുന്‍ നാഥ് (27) , കീഴാറ്റിങ്ങല്‍ എം.സി. നിവാസില്‍ എം. അജിന്‍ മോഹന്‍ (25) , ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്‍. ഗോകുല്‍ രാജ് (26) എന്നിവരാണ് ജാമ്യം നിരസിക്കപ്പെട്ട് കല്‍ തുറുങ്കില്‍ കിടന്ന് കസ്റ്റഡിയില്‍ വിചാരണ നേരിടുന്നത്.
2020 സെപ്റ്റംബര്‍ 22 ന് രാത്രിയിലാണ് ആലംകോട് അവിക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന ബാംബു ഹോട്ടലില്‍ നിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന അരങ്ങേറിയത്. ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്.
പണം കൈമാറലും ഓണ്‍ലൈന്‍ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകള്‍ , നോട്ടെണ്ണല്‍ മെഷീന്‍ , രണ്ടു ത്രാസ്സുകള്‍ , 92,000 രൂപ എന്നിവ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഹോട്ടല്‍ അടച്ചിരുന്നു.
തുടര്‍ന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ നാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എല്‍ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചു. വിദേശത്തായിരുന്ന ഗോകുല്‍ രാജ് അടുത്തിടെ നാട്ടില്‍ എത്തി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.
കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി. അര്‍ജുന്‍ നാഥ് (27) , കീഴാറ്റിങ്ങല്‍ എം.സി. നിവാസില്‍ എം. അജിന്‍ മോഹന്‍ (25) , ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്‍. ഗോകുല്‍ രാജ് (26) എന്നീ മൂന്നു പ്രതികള്‍ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അവകാശപ്പെടുന്നുണ്ടെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകള്‍ പരിശോധിച്ചതില്‍ വന്‍ ഇടപാട് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. 8 എ റ്റി എം കാര്‍ഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.
അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നാലുപേരും സുഹൃത്തുക്കളാണ്. ഇവരില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ഇവര്‍ ചേര്‍ന്നാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിന്റെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് കേസ്.
https://www.facebook.com/Malayalivartha


























