അരുവിക്കരയില്‍ നിന്ന് റോഡ് ആരംഭിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനം. വിഴിഞ്ഞം റിംങ് റോഡുമായി ബന്ധപ്പെടുത്താന്‍ പുളിമാത്ത് നിന്നാണ് ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ ആരംഭം.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എംസി റോഡിനു സമാന്തരമായുള്ള നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റമുണ്ടായേക്കും. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ തുടക്കം തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയില്‍ നിന്നു മാറി കിളിമാനൂരിന് അടുത്ത് പുളിമാത്ത് ആകുമെന്നാണു സൂചന. എരുമേലിയില്‍ ശബരിമല വിമാനത്താവളം നിര്‍മിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതിനാല്‍ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിരുന്ന എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് വില്ലേജുകളുള്‍പ്പെടെ നേരത്തെ പട്ടികയിലുണ്ടായിരുന്ന ചില വില്ലേജുകള്‍ ഒഴിവാക്കപ്പെടും.
പുതിയ വില്ലേജുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും സൂചനയുണ്ട്. ആദ്യ പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വില്ലേജുകളിലും മാറ്റമുണ്ടാകും. അരുവിക്കരയില്‍ നിന്നാരംഭിച്ച് അങ്കമാലിയില്‍ അവസാനിക്കുന്ന വിധമാണ് ദേശീയപാതയുടെ ആദ്യഘട്ട അലൈന്‍മെന്റ് തയാറാക്കിയത്.
ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍റിങ് റോഡ് നിലവില്‍ വരുന്നതോടെ ഈ പാതയുടെ തുടര്‍ച്ചയെന്ന നിലയിലാകും പുതിയ അലൈന്‍മെന്റ് തയാറാക്കുക. പുതിയ അലൈന്‍മെന്റ് പ്രകാരം പാതയുടെ ആകെ നീളം ഏകദേശം 30 കിലോമീറ്റര്‍ കുറഞ്ഞേക്കും. ദേശീയപാത അതോറിറ്റിയുടെ തനത് പദ്ധതിയെന്ന നിലയിലാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ചര്‍ച്ചകള്‍ നടക്കുന്നത്. അടുത്ത മാസത്തോടെ പുതിയ അലൈന്‍മെന്റ് തയാറാകുമെന്നു വിവരമുണ്ട്.
https://www.facebook.com/Malayalivartha
























