അധ്യാപകർക്ക് സന്തോഷ വാർത്ത! 6,000ത്തോളം പുതിയ നിയമനം! ഏറ്റവും കൂടുതൽ മലപ്പുറത്ത്... ശിവൻകുട്ടി മുൻകൈയ്യെടുത്തു

2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 5,906 പുതിയ അദ്ധ്യാപക തസ്തികകൾ അംഗീകരിക്കാൻ ശുപാർശ. ഇത് സംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറി. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിന് അനുസരിച്ചാണ് പുതിയ തസ്തികകൾ സൃഷ്ടിട്ടത്. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികകളുടെ എണ്ണം 2,313 സ്‌കൂളുകളിൽ നിന്നും 6,005 ആണ്.
1,106 സർക്കാർ സ്കൂളുകളിൽ നിന്നായി 3,080 തസ്തികകളും 1,207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2,925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അദ്ധ്യാപക തസ്തിക 5,906 ഉം അനദ്ധ്യാപക തസ്തിക 99ഉം ആണ്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് 2019 മുതൽ തസ്തിക നിർണയം നടത്തിയിരുന്നില്ല.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകൾ. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പുതിയ തസ്തികകൾ
എച്ച് എസ് ടി - സർക്കാർ - 740, എയിഡഡ് -568
യു പി എസ് ടി - സർക്കാർ - 730,എയിഡഡ് - 737
എൽ പി എസ് ടി - സർക്കാർ -1086,എയിഡഡ്- 978
എൽ.പി,യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ
സർക്കാർ - 463,എയിഡഡ്- 604
2019 - 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 - 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ
സർക്കാർ - 1638,എയിഡഡ്-2925
അതേസമയം, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ 16 സീനിയർ മലയാളം അദ്ധ്യാപക തസ്തികകൾ ജൂനിയറായി തരംതാഴ്ത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2014-16 കാലയളവിൽ പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പുതിയ ബാച്ചുകൾക്കുമായി സൃഷ്ടിച്ച തസ്തികകളാണിത്.
കൂടുതൽ പീരിയഡുകൾ വേണ്ടിവന്നതോടെയാണ് അന്ന് സീനിയർ തസ്തികകൾ സൃഷ്ടിച്ചത്. എന്നാൽ, ജൂനിയർ തസ്തിക ഇല്ലാതാകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് റദ്ദാക്കിയത്. തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
https://www.facebook.com/Malayalivartha

























