ഒളിവിലിരുന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ വ്യക്തിഹത്യ നടത്തി ആകാശ് തില്ലങ്കേരി, കേസ് അന്വേഷിക്കാൻ കണ്ണൂർ മുഴക്കുന്ന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം, കാപ്പ ചുമത്തി നാടുകടത്താനും പൊലീസ് നീക്കം, കേസുകൾ പരിശോധിക്കുന്നു

ഒളിവിലിരുന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ വ്യക്തിഹത്യ നടത്തുന്ന ആകാശ് തില്ലങ്കേരിയെ കണ്ടെത്താനാവുന്നിലെന്നാണ് പോലീസിന്റെ ഭാഷ്യം. അതിനിടെ കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താനാണ് പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പരാതിയിൽ ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാൻ കണ്ണൂർ മുഴക്കുന്ന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചു വനിതാ നേതാവിനെ അപമാനിച്ചുവെന്നാണ് പരാതിയിൽ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്. ആകാശിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശിന്റെ നിർണായക വിവരങ്ങൾ.
'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിക്കുന്നു.
തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐയും എം.വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നുമാണ് എം.വി ജയരാജൻ പറഞ്ഞത്.
എന്നാൽ ആകാശ് തില്ലങ്കേരി സ്വർണ്ണക്കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ പറഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും ആകാശ് അധിക്ഷേപിക്കുന്നുവെന്നും ക്വട്ടേഷൻ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി അണികളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























