സ്ത്രീത്വത്തെ അപമാനിച്ച കേസ്... ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി; കേസില്‍ ആകാശ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു

ഡി വൈ എഫ് ഐ പ്രവര്‍ത്തക നല്‍കിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂര്‍ കോടതിയിലാണ് ആകാശ് കീഴടങ്ങിയത്. കേസില്‍ ആകാശ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ആകാശിന്റെ കൂട്ടാളികളായ ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷുഹൈബ് വധക്കേസില്‍ സി പി എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിര പൊലീസ് കേസ് വന്നത്. മന്ത്രി എം ബി രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനൂപ് പറയുന്നത്. ഇവര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകയുമാണ്. ഡി വൈ എഫ് ഐ കമ്മിറ്റിയില്‍ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിലുണ്ട്.
പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവില്‍ പോവുകയായിരുന്നു. വീട്ടില്‍ പരിശോധന നടത്തിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ആകാശ് ഫേസ്ബുക്കില്‍ സജീവമായിരുന്നു.
അതേസമയം, ആകാശിനോട് സൈബര്‍ പോര് വേണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും സി പി എമ്മിന്റെ നിര്‍ദേശം. ആകാശിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത് വന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. കേസില്‍ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാര്‍ട്ടി ഭയക്കുന്നില്ല, ആകാശ് തില്ലങ്കേരിയുടെ ആരോപണം തള്ളിയ ജയരാജന്‍ മാപ്പ് സാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു. ആ ക്രിമിനലിനെ കൈകാര്യം ചെയ്യാനറിയാമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























