സ്വപ്നയെ വിളിച്ചുവരുത്തും... ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൂടുതല്‍ വെട്ടിലാക്കി മൊഴികളും വാട്ട്‌സ്ആപ്പ് ചാറ്റും; സ്വപ്ന സുരേഷിനെ വീണ്ടും വിളിച്ചു വരുത്താന്‍ നീക്കം; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും വെട്ടിലാക്കി

സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം കിട്ടി ഐഎഎസില്‍ തിരികെയെത്തിയ ശിവശങ്കര്‍ ഇങ്ങനെയൊരു പൊല്ലാപ്പ് പ്രതീക്ഷിച്ചില്ല. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൂടുതല്‍ വെട്ടിലാക്കി മൊഴികളും വാട്ട്‌സ്ആപ്പ് ചാറ്റും. ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്പോള്‍, വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിനെതിരായി.
ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നതെന്ന് ഇദ്ദേഹം മൊഴി നല്‍കിയതായാണ് വിവരം. ലോക്കറിനെക്കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തിയും ഒറ്റക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം മൂന്ന് ലോക്കര്‍ തുറന്നതായാണ് കണ്ടെത്തല്‍.
വേണുഗോപാലിന്റെ മൊഴി അടിസ്ഥാനമാക്കി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ ഏജന്‍സി. കരാറുകാരായ യൂനിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ താന്‍ പരിചയപ്പെടുന്നത് ശിവശങ്കര്‍ വഴിയാണെന്ന് ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി. ജോസും മൊഴി നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാര്‍ യൂനിടാക് കമ്പനിക്ക് ലഭിക്കാന്‍ ഇടപെട്ടതിലും റെഡ് ക്രസന്റിനെ പദ്ധതിയിലേക്ക് എത്തിച്ചതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ ഇ.ഡി പരിശോധിച്ച് വരികയാണ്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടുദിവസം മുമ്പ് ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്.
റെഡ്ക്രസന്റ് സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട കത്തിന്റെ രൂപ രേഖയും ശിവശങ്കര്‍ സ്വപ്നക്ക് അയച്ചിരുന്നു. കോണ്‍സുലേറ്റിന്റെ കത്തുകൂടിചേര്‍ത്ത് മുഖ്യമന്ത്രിക്ക് നല്‍കണം, ധാരണാപത്രം ഒപ്പുവെക്കുന്നതിന്റെ തലേദിവസം ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറണം, ആവശ്യമെങ്കില്‍ രവീന്ദ്രനെ വിളിക്കാം എന്നിങ്ങനെ സന്ദേശത്തില്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും 21.72 കോടി രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്റ് മുന്നോട്ടുവെച്ചത്. അതേസമയം ചോദ്യങ്ങളോടുള്ള ശിവശങ്കറിന്റെ നിസ്സഹകരണം തുടരുകയാണ്.
എം.ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് ഇഡിക്ക് മുന്‍പാകെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാലിന്റെ മൊഴി. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുകയാണ്. അതേസമയം, ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി ജോസ് കൊച്ചി ഇ.ഡി ഓഫിസില്‍. കോഴക്കേസ് അന്വേഷണത്തിന് ഇ.ഡി വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് എങ്ങനെ റഡ് ക്രസന്റിനെ െകാണ്ടുവരണമെന്ന് സ്വപ്നയെ ശിവശങ്കര്‍ ഉപദേശിക്കുന്ന വാട്‌സാപ് ചാറ്റുകളും പുറത്തുവന്നു. റെഡ്ക്രസന്റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍ നല്‍കി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദേശിച്ചു.
അതേസമയം ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ലഭിച്ചതടക്കം ക്രമക്കേട് തുക വെളിപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. എം ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈല്‍ ഫോണുമെന്ന് ഇഡി പറയുന്നു. നടന്നത് 3.38 കോടി രൂപയുടെ കോഴ ഇടപാടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാറിന് ചുക്കാന്‍ പിടിച്ചാണ് എം ശിവശങ്കരനും കോഴ ഇടപാടിന്റെ ഭാഗമായത്. ഒരു കോടി രൂപയും മൊബൈല്‍ ഫോണും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് ലഭിച്ചതിന് തെളിവുണ്ടെന്ന് ഇ ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha























