വിവിധ മതസ്ഥരായ ആയിര കണക്കിനാളുകളെ സാക്ഷിയാക്കി വിഷ്ണുമൂര്‍ത്തി മുസ്ലിം പള്ളിയിലേക്ക് നടന്നുകയറി.

വിവിധ മതസ്ഥരായ ആയിര കണക്കിനാളുകളെ സാക്ഷിയാക്കി വിഷ്ണുമൂര്‍ത്തി മുസ്ലിം പള്ളിയിലേക്ക് നടന്നുകയറി. ബാങ്ക് വിളികളാല്‍ മുഖരിതമായ പള്ളിക്കുള്ളിലെ മഖാമിനു മുന്നില്‍ തടിച്ചുകൂടിയ പുരുഷാരത്തിന് അനുഗ്രഹവും ഒപ്പം സാഹോദര്യ സ്‌നേഹത്തിന്റെ മഹാ സന്ദേശവും ചൊരിഞ്ഞ് പടിയിറങ്ങി. അപ്പോള്‍ വിശ്വാസത്തിന് കളങ്ക മേല്‍ക്കാത്ത നാട് ഒന്നടങ്കം വണങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്.
കാസര്‍കോട് താഴെത്തിടം പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഭാഗമായാണ് അപൂര്‍വമായ ഒരു ചടങ്ങിന് പെരുമ്പട്ട ഗ്രാമം സാക്ഷ്യം വഹിച്ചത്. ഉത്സവത്തിന്റെ സമാപന വേളയിലാണ് പെരുമ്പട്ട മുനീറുല്‍ ഇസ്ലാം ജുമാ മസ്ജിദ് വിഷ്ണുമൂര്‍ത്തി സന്ദര്‍ശിക്കാന്‍ എത്തിയത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രവും ജുമാ മസ്ജിദും തേജസിനിപ്പുഴയുടെ ഒരേ തീരത്താണ്. പഴയകാലത്ത് കളിയാട്ടത്തോട് അനുബന്ധിച്ച് നായാട്ട് നിര്‍ബന്ധമാണ്. ഇതര മതസ്ഥരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് വിഷ്ണുമൂര്‍ത്തി കോലം മസ്ജിദില്‍ എത്തി അനുഗ്രഹ വര്‍ഷം ചൊരിയുന്നതെന്ന് ഇരു മതസ്ഥരും പറയുന്നു.
മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് താഴത്തിടം പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നാല് ദിവസത്തെ കളിയാട്ടം നടക്കുക. ഏറെക്കാലം മുടങ്ങിയിരുന്ന ഇവിടെ 9 വര്‍ഷം മുമ്പാണ് വീണ്ടും കളിയാട്ടം ആരംഭിച്ചത്. കളിയാട്ടത്തിന്റെ സമാപന ദിവസമാണ് വിഷ്ണുമൂര്‍ത്തിയുടെ പള്ളി സന്ദര്‍ശനം. പഴയകാലത്ത് കൂട്ടിയിട്ട അരികള്‍ക്ക് മുകളിലൂടെയാണ് തെയ്യം നടന്നു പള്ളിയില്‍ എത്തുക. ഇന്ന് മഖാമിനു മുന്നില്‍ കൂട്ടിയിട്ട് അരികള്‍ക്ക് മുകളില്‍ നിന്നാണ് തെയ്യ കോലം അനുഗ്രഹ വര്‍ഷം ചൊരിയുക. തെയ്യം എത്തുമ്പോഴേക്കും മഖാമിനു മുന്നില്‍ ക്ഷേത്രസ്ഥാനികരും നാട്ടുകാരും ചന്ദനത്തിരി കത്തിച്ചുവച്ച് തെയ്യത്തെ കാത്തിരിക്കുന്നുണ്ടാവും.
തെയ്യം പള്ളിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ അരുളപ്പാടാണ്. നിസ്‌കാര ചടങ്ങുകള്‍ക്ക് മുടക്കം വരുത്തരുതെന്ന് അരുളിയാണ് തെയ്യം പള്ളിയില്‍ നിന്ന് പടിയിറങ്ങിയത്. കളിയാട്ടത്തിന്റെ ആദ്യ ദിനം അന്നദാനത്തിനുള്ള അരി നല്‍കിയത് പള്ളിക്കാരാണ്. അതുപോലെ ഉറൂസിനുള്ള സാധനങ്ങള്‍ നല്‍കുന്നതും അമ്പല കമ്മിറ്റിക്കാരാണ്. അപൂര്‍വ സാഹോദര്യം കൊണ്ട് മലയാളികള്‍ക്ക് ഒരു വിസ്മയമാണ് കാസര്‍കോട് ചിറ്റാരിക്കാല്‍ പെരുമ്പട്ട ഗ്രാമം. ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് വിഷ്ണുമൂര്‍ത്തിയുടെ ഈ പള്ളി സന്ദര്‍ശനം.
https://www.facebook.com/Malayalivartha


























