ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി.
ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ ബില്‍ മാറ്റിവെക്കുന്നത് കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് . കാലിക്കറ്റ് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി മാര്‍ച്ച് ആറിന് കഴിയുന്നതിനാല്‍ താത്കാലിക ക്രമീകരണം എര്‍പ്പെടുത്താനാണ് ബില്‍.
എക്‌സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിര്‍ദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥയിലുള്ളത്.താത്കാലിക സെനറ്റിലും സിന്‍ഡിക്കേറ്റിലും ഗവര്‍ണര്‍ സ്വന്തംനിലയില്‍ നാമനിര്‍ദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതിപക്ഷ അംഗങ്ങള്‍ വരുന്നത് ഒഴിവാക്കാനും സര്‍വകലാശാലാ ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ആരോപിക്കുകയുണ്ടായി. ബില്‍ നിയമമാവുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തികബാധ്യത ഉണ്ടാവുമെങ്കില്‍ അത് അവതരിപ്പിക്കാനായി ഗവര്‍ണറുടെ മുന്‍കൂര്‍ അനുവാദം വേണം. ഈ ബില്‍ അത്തരത്തിലുള്ളതാണ്.
അനുമതി തേടി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് കത്തുനല്‍കി. എന്നാല്‍, അദ്ദേഹം അനുവദിച്ചില്ല. ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തി. എം.എല്‍.എ.മാരില്‍ നിന്ന് ഭേദഗതികളും സ്വീകരിച്ചു. ബില്ലിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിന് തിരിച്ചു. ഇനി മാര്‍ച്ച് രണ്ടിനേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























