ഈ വേദന കുടുംബത്തിന് താങ്ങാനാവുന്നില്ല.... ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ മകനും യാത്രയായി...

മഞ്ഞപ്ര ജ്യോതിസ് സ്‌കൂളില്‍ നിന്നു മാങ്കുളത്തേക്കു വിനോദയാത്ര പോകുന്നതിനിടെ മുങ്ങിമരിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍ ഷിബു (15)വിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി. പിതാവ് മരിച്ചിട്ട് ഒരു മാസമായതേയുള്ളൂ. മകനും പോയി. സങ്കടം ആ കുടുംബത്തിന് അടക്കാനാവുന്നില്ല.
അച്ഛന്റെ അകാലമരണത്തിന്റെ നീറുന്ന ഹൃദയവുമായി പരീക്ഷ എഴുതിയ അര്‍ജുന്‍ പരീക്ഷ കഴിഞ്ഞയുടന്‍ പിതാവിന്റെ അടുത്തേക്കു യാത്രയായി.
ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജനുവരി 29ന് അര്‍ജുന്റെ പിതാവ് ഷിബു (42) മരിച്ചത്. തൊട്ടു പിന്നാലെ അര്‍ജുന് അവസാന വര്‍ഷ പരീക്ഷയുമെത്തി. പഠനത്തില്‍ മിടുക്കനായ അര്‍ജുന്‍ പിതാവിന്റെ വേര്‍പാടിന്റെ നൊമ്പരമെല്ലാം അടക്കിപിടിച്ച് പരീക്ഷകള്‍ പൂര്‍ത്തീകരിച്ചു.
എന്നാല്‍ പരീക്ഷയ്ക്കു ശേഷം സഹപാഠികളോടൊപ്പം നടത്തിയ വിനോദ യാത്ര അര്‍ജുന്റെ അവസാന യാത്രയായി മാറി. ഷിബുവും കുടുംബവും ഇടുക്കി സ്വദേശികളാണ്. ശ്രീമൂലനഗരത്തെ അരിമില്ലില്‍ തൊഴിലാളിയായി എത്തിയ ഇടുക്കി മടുക്കങ്കല്‍ ഷിബു 15 വര്‍ഷം മുന്‍പാണ് തന്റെ കുടുംബത്തെ ജോലിസ്ഥലത്തിന് അടുത്തേക്കു കൊണ്ടുവന്നത്. ഷിബു അരിമില്ലിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൂട്ടിവച്ചു രണ്ടു വര്‍ഷം മുന്‍പ് മാണിക്യമംഗലത്ത് 5 സെന്റ് സ്ഥലവും വീടും വാങ്ങിയാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ജനുവരി 21ന് അരിമില്ലിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റുന്നതിനിടെയാണ് ഷിബു താഴെ വീണത്. ചികിത്സയില്‍ കഴിയുന്നതിനിടെ 29നു മരിച്ചു. ഷിബുവിന്റെ ഭാര്യ ജിഷ കുടുംബം പുലര്‍ത്താനായി കാലടിയിലെ പലചരക്കു കടയില്‍ ജോലിക്കു പോകുന്നുണ്ട്.
അതേസമയം ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനയടങ്ങുന്നതിനു മുന്‍പേ മകനും പോയി. ഇനി ആ അമ്മയ്ക്ക് കൂടെയുള്ളതു യുകെജി വിദ്യാര്‍ഥിനിയായ മകള്‍ മാത്രം. ഈ കുടുംബത്തിലെ വേര്‍പാട് നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha



























