അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യകർമങ്ങൾ നിർവഹിച്ചു. ഗായിക കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ടോടെ അന്തരിച്ചു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.
സ്വന്തമെന്ന് ഓരോ ഭാഷക്കാർക്കും തോന്നുംവിധമായിരുന്നു ജാനകിയുടെ ആലാപനം. 60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. മൂന്നു വയസ്സുമുതൽ പാടാൻ തുടങ്ങി. പത്താംവയസ്സുവരെമാത്രമായിരുന്നു ഔപചാരിക സംഗീതപഠനം. 1997-ൽ ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാഗാനരംഗത്ത് സജീവമല്ലാതായി. 2016-ൽ സംഗീതജീവിതത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം മൈസൂരുവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉമയാണ് മരുമകൾ.
ആദ്യചലച്ചിത്രഗാനം ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലായിരുന്നു. ചിത്രം പുറത്തുവന്നില്ല. ‘എം.എൽ.എ.’ എന്ന തെലുഗുചിത്രത്തിലെ ‘നീ ആശ ആദിയാശ’ എന്ന ഗാനമാണ് സംഗീതപ്രേമികളുടെ ആദ്യ ജാനകീഗാനം. 1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ...’ എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാളത്തിൽ തുടക്കംകുറിച്ചു. തമിഴ്, തെലുഗു, ചിത്രങ്ങൾക്കായി പാട്ടുകളെഴുതി. സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
1977-ൽ ‘പതിനാറു വയതിനിലേ’ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂരപ്പൂവേ...’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്കാരം ലഭിച്ചത്. തുടർന്ന് 1981- ൽ ‘ഓപ്പോൾ’ എന്ന മലയാളചിത്രത്തിലെ ‘ഏറ്റുമാനൂരമ്പലത്തിൽ...’, 1984-ൽ തെലുഗുചിത്രമായ ‘സിതാര’യിലെ ‘വെന്നല്ലോ ഗോദാരി ആനന്ദം...’ , 1992-ൽ തമിഴ് ചിത്രമായ തേവർമകനിലെ ‘ഇഞ്ചി ഇടിപ്പഴകാ...’ എന്നീ ഗാനങ്ങൾക്കും. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം 11 തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ പുരസ്കാരം പത്തുതവണയും മറ്റു സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു.
തമിഴ്നാട് സർക്കാരിന്റെ ‘കലൈമാമണി’ പുരസ്കാരം 1986-ലും ‘സുർ സിങ്ങർ’ അവാർഡ് 1987-ലും കേരളത്തിൽനിന്ന് സിനിമാ ആർക്കൈവർ അവാർഡ് 2002-ലും പ്രത്യേക ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു. 2013-ൽ പദ്മഭൂഷൺ ലഭിച്ചെങ്കിലും നിരസിച്ചു.
https://www.facebook.com/Malayalivartha

























