കെ.ടി.ഡി.എഫ്.സി ഭവനവായ്പ തട്ടിപ്പ്: രാജശ്രീ അജിത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കെ.ടി.ഡി.എഫ്.സി ഭവനവായ്പ അഴിമതി കേസില്‍ മുന്‍ എം.ഡി രാജശ്രീ അജിത്തുള്‍െപ്പടെ ഏഴുപേരെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു.
കെ.ടി.ഡി.എഫ്.സി മുന്‍ സാമ്പത്തികവിഭാഗം ചീഫ് മാനേജര്‍ പി. നിര്‍മലദേവി, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീകുമാരന്‍ നായര്‍, എം.ഡിയുടെ പി.എ അജിതകുമാരി, മുന്‍ സീനിയര്‍ അസിസ്റ്റന്റ് ശാലിനിദേവി, മുന്‍ കമ്പനി സെക്രട്ടറി ഹരികൃഷ്ണന്‍, മുന്‍ നിയമോപദേശകന്‍ വഴുതക്കാട് നരേന്ദ്രന്‍, രാജശ്രീയുടെ ഭര്‍ത്താവ് അജിത്കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്കുപുറമെ അഴിമതിനിരോധന നിയമപ്രകാരമുള്ള വകുപ്പുകളുമാണ് കുറ്റപത്രത്തിലുള്ളത്. 2005ല്‍ കെ.ടി.ഡി.എഫ്.സി നടപ്പാക്കിയ ഐശ്വര്യഗൃഹ എന്ന ഭവനവായ്പപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തി കെ.ടി.ഡി.എഫ്.സിക്ക് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലന്‍സ് കേസ്.
രാജശ്രീ അജിത്ത് കെ.ടി.ഡി.എഫ്.സിയുടെ എം.ഡി ആയിരുന്ന 1996-2008 കാലഘട്ടത്തില്‍ ഇവരുടെ ഭര്‍ത്താവും എട്ടാം പ്രതിയുമായ അജിത്കുമാറിന്റെ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവെച്ച് 46 ലക്ഷം രൂപ വായ്പ അനുവദിച്ചു. എന്നാല്‍, ഈ വസ്തുതന്നെ മുമ്പ് ഈടുെവച്ച് 1995ല്‍ കോഴിക്കോട്ടെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഈ കേസില്‍ കൊച്ചിയിലെ ട്രൈബ്യൂണല്‍ കോടതിയില്‍ നിയമനടപടികള്‍ നിലനില്‍ക്കുമ്പോഴാണ് ഈ കാര്യം മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് ഭവന വായ്പ അനുവദിച്ചുനല്‍കിയത്.
ഇതിന്റെ നിയമവശം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സി മുന്‍ നിയമ ഉപദേശകന്‍ വഴുതക്കാട് നരേന്ദ്രന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു എന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























