രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ ഉയർത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും കുറച്ച് കാണുന്നില്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിയുടെ ചിറകുകൾ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും.
12.02.2018 ല്‍ കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 202/2018 ആയി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പോലീസ് നടത്തിയ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമാണ്. ഒരുലക്ഷത്തിലധികം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യത്തിലെ പ്രതികളെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെയും, പ്രതികള്‍ക്കു സഹായം നല്‍കിയവരെയും പോലീസ് പിടികൂടിയത്. കേസിലാകെ 17 പ്രതികളാണുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഐ.പി.സി 120(ബി) ബന്ധപ്പെട്ട വകുപ്പുകളും എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യന്‍ ആംസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രസ്തുത കേസ് ബഹു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത് .
https://www.facebook.com/Malayalivartha



























