കാര്‍ കത്തി ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്...

പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ കത്തി ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീ പിടിച്ച കാറില്‍ കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഫെബ്രുവരി രണ്ടിനായിരുന്നു അപകടമുണ്ടായത്. ഇന്ന് തളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആശുപത്രിയില്‍ എത്തിക്കുന്നതിന് കേവലം 500 മീറ്റര്‍ മാത്രം അകലെയായിരുന്നു കാറിന് തീപിടിച്ചത്. മയ്യില്‍ കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ ടി വി പ്രജിത്ത് (32), ഭാര്യ കെ കെ റീഷ (26) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവര്‍ പറഞ്ഞു. കത്തിയാളുന്ന കാറില്‍ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയില്‍ ഉയര്‍ന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോര്‍ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ക്യാബിനും സീറ്റും പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.
ഗര്‍ഭിണിയായ റീഷയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിന് കേവലം 500 മീറ്റര്‍ മാത്രം അകലെയായിരുന്നു അപകടം. പ്രജിത്തും റീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ഏഴുവയസുകാരി ശ്രീപാര്‍വതി, റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവര്‍ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. എന്നാല്‍ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയും മുമ്പ് അഗ്‌നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ മുന്‍ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടര്‍ന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് അപകടമുണ്ടായത് എന്നായിരുന്നു പ്രാഥമിക നിഗമനം. കാറില്‍ നിന്ന് ഇവര്‍ക്ക് ഇറങ്ങിപ്പോകാന്‍ പറ്റാത്തവിധത്തില്‍ അതിവേഗം തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങള്‍ അപകടത്തിന് പിന്നാലെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വാഹനത്തില്‍ കുപ്പിയില്‍ പെട്രോള്‍ സൂക്ഷിച്ചെന്ന് കണ്ടെത്തിയതായി പ്രചരിച്ചു. എന്നാല്‍ കുടുംബം അത് നിഷേധിക്കുകയും കുപ്പിയില്‍ വെള്ളമായിരുന്നു എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























