ബ്രഹ്മപുരത്ത് മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുക.. .ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഭാഗിക അവധി

എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം നിറയുന്നു. ബ്രഹ്മപുരത്ത് മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടുത്തം നാലാം ദിവസമായതോടെ കെട്ടുതുടങ്ങി. എന്നാല്‍ പുകയ്ക്ക് യാതൊരു ശമനവുമില്ല.
ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചു.
പുക ശ്വസിച്ചതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടിയത്. നിരവധിപ്പേര്‍ ശ്വാസുംമുട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. നിരവധി ഫയര്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി.
വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 06-03-2023 (തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് ഐഎഎസ് അറിയിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തീപ്പിടിത്തം ആവര്‍ത്തിക്കാതിരിക്കാനായി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. തത്കാലം ഒരാഴ്ചത്തേക്ക് മാലിന്യമിടാനായി പ്രത്യേക സ്ഥലം കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























