വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമം: തലയിടിച്ച് വീണ് പ്രതിയ്ക്ക് ഗുരുതര പരിക്ക്

ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയ്ക്ക് തലയിടിച്ച് വീണ് ഗുരുതര പരിക്ക്. തൃശൂരിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടിയത്. പ്രതിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വലിയതുറ സ്വദേശി സനു സോണി (30) യാണ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തൃശൂർ നഗരത്തിൽ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സനു വലയിതുറ സ്വദേശിയാണെന്ന് മനസ്സിലാക്കിയ പൊലീസ് വലിയതുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസ്സിലാക്കി കസ്റ്റഡിയിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























