കാണാമറയത്തുള്ള വിജേഷ് പിള്ളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച ഇടനിലക്കാരന്‍ കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയില്‍ പ്രവര്‍ത്തിച്ച ഡബ്ല്യു ജി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ളയെന്നാണ് പുറത്ത് വരുന്ന വിവരം. വിജയ് പിളളയെന്നാണ് പരിചയപ്പെടുത്തിയതെന്നാണ് സ്വപ്ന ഫേസ് ബുക്ക് ലൈവില്‍ പറയുന്നത്.
മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വര്‍ണക്കളളക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദന്‍ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ഓഫീസ് തുറക്കാന്‍ 2017 ലാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്ന് കൊച്ചിയിലെ ഇയാളുടെ സ്ഥാപനം പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഉടമ ജാക്‌സണ്‍ മാത്യു ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വ്യക്തമാക്കി. 2017 ലാണ് ഡബ്ല്യു ജി എന്‍ എന്ന പേരില്‍ വിജേഷ് പിള്ള സ്ഥാപനം നടത്തിയത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യും എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്‌സണ്‍ മാത്യു വ്യക്തമാക്കി.
സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിജേഷിനെ തേടി ഇ ഡി ഉദ്യോഗസ്ഥര്‍ വന്നിരുന്നു. ഇന്ന് സ്വപ്ന സുരേഷ് നടത്തിയ എഫ് ബി ലൈവിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും സിഐ വിളിച്ചുവെന്നും കെട്ടിട ഉടമ ജാക്‌സണ്‍ മാത്യു വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























